വീടിന് പുറത്ത് കൂട്ടം കൂടി നിൽക്കരുത്; കടകൾ ഉച്ചവരെ മാത്രം; ഗതാഗതത്തിന് പൂർണ്ണവിലക്ക്; കോഴിക്കോട്ടെ 12 പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ

കോഴിക്കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ചില പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകളിലും കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിലുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവിട്ടിരിക്കുന്നത്.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പഞ്ചായത്തും വാർഡും: കിഴക്കോത്ത് (12ാം വാർഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂർ (6), അഴിയൂർ (4,5), ചെക്യാട് (10), തിരുവള്ളൂർ(14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8) എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോർപ്പറേഷനിലെയും (42, 43, 44, 45, 54, 55, 56 വാർഡുകൾ) കൊവിഡ് ഹോട്‌സ്‌പോട്ടുകളെന്ന് തിരിച്ചറിഞ്ഞ വാർഡുകളിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

ഈ വാർഡുകൾക്കകത്തെ റോഡുകളിലൂടെ വാഹനഗതാഗതം പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. ഇവിടങ്ങളിലുള്ളവർ അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാർഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഭക്ഷ്യ അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ രണ്ട് മണിവരെയും മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു. വീടുകൾക്ക് പുറത്ത് ഒരുകാരണവശാലും ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല.

കടുത്തനിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാപോലീസ് മേധാവികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തണം. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഐപിസി സെക്ഷൻ 188, 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കും.

Exit mobile version