പന്തളം അയ്യപ്പന്റെ പ്രസാദം എന്ന പേരില്‍ നല്‍കുന്നത് ശബരിമല പ്രസാദം അല്ല! ഭക്തര്‍ വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുത്; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: സ്വകാര്യ വ്യക്തി അയ്യപ്പന്റെ പ്രസാദം എന്ന പേരില്‍ അപ്പവും അരവണയും വില്‍ക്കുന്നതിന് എതിരെ ദേവസ്വം ബോര്‍ഡ് രംഗത്ത്. അയ്യപ്പന്റെ പ്രസാദം എന്ന പേരില്‍ നല്‍കുന്നത് യഥാര്‍ത്ഥ പ്രസാദം അല്ലെന്നും ഭക്തര്‍ വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്നും ദേവസ്വം കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

അയ്യപ്പന്റെ പ്രസാദം പന്തളത്തെ സ്വകാര്യ വ്യക്തിയില്‍ നിന്ന് ലഭിക്കും .പ്രസാദത്തിന് ഇവിടെ വില വളരെ കുറവാണെന്നും പന്തളത്തെ വ്യാപാരി പ്രചരിപ്പിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം കമ്മീഷണര്‍ രംഗത്ത് എത്തിയത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധവും ആചാരങ്ങളുടെ ലംഘനവുമാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു വ്യക്തമാക്കി. അപ്പം ഒരു പായ്ക്കറ്റ് 35 രൂപ, അരവണ ഒരു ടിന്‍ 80 രൂപ എന്ന വിലയില്‍ അയ്യപ്പ ഭക്തര്‍ പ്രസാദം സന്നിധാനത്ത് നിന്ന് വാങ്ങാം. പ്രസാദം വിതരണം ചെയ്യാനുള്ള കൗണ്ടറുകള്‍ സന്നിധാനത്ത് യഥേഷ്ടം പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യത്തിന് പ്രസാദം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

Exit mobile version