ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും: അച്ചടി 75 ശതമാനം പൂര്‍ത്തിയായി; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് ഓണ്‍ലൈനായി ലഭ്യമാക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് വേണ്ട പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം പൂര്‍ത്തിയായതായും ബാക്കിയുള്ളത് പൂര്‍ത്തിയാക്കാനുള്ള അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, ഹയര്‍സെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍, അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍, പ്രീപ്രൈമറി വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ എന്നിവയെല്ലാം എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും.

സ്‌കൂളുകളിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതിനുവേണ്ടി പണിപൂര്‍ത്തിയാക്കുന്നതിനുള്ള അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version