കൊവിഡ് യൂറോപ്പിൽ മഹാമാരി ആകുമ്പോൾ കേരളത്തിലായത് അനുഗ്രഹമായി തോന്നുന്നു; പിണറായിയെയും ശൈലജയെയും നേരിൽ കാണണം; വൈറലായി വിദേശി പരിശീലകന്റെ കുറിപ്പ്

പട്ടാമ്പി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ശക്തമായതോടെ പാലക്കാട് പട്ടാമ്പിയിൽ കുടുങ്ങിപ്പോയ ഫുട്‌ബോൾ പരിശീലകൻ കൊറോണയ്‌ക്കെതിരായ കേരളത്തിന്റെ പോരാട്ടങ്ങളെ പ്രശംസിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ബൾഗേറിയൻ പൗരനായ ദിമതർ പാന്റേവാണ് കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവരെയും അഭിനന്ദിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്. കേരളത്തിന്റെ പ്രകൃതി ഭംഗിയും ആതിഥ്യമര്യാദയും പാന്റേവ് വിശദമായി എഴുതിയിട്ടുണ്ട്. കൊവിഡ് ഭീഷണി ഒഴിഞ്ഞതിന് ശേഷം പിണറായി വിജയനെയും ശൈലജയെയും നേരിൽ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേരളം കാഴ്ചവെക്കുന്നത് തുല്യതയില്ലാത്ത പോരാട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന പ്രശംസയിൽ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. റിയാസ് കാസിം, യൂസഫ് അലി എന്നിവരുടെ മേൽനോട്ടത്തിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന എച്ച് 16 സ്‌പോർട്‌സ് സർവീസ് എന്ന സ്ഥാപനമാണ് പെന്റേവിനെ പരിശീലനത്തിനായി കേരളത്തിലേക്ക് ക്ഷണിച്ചത്. യുഎഇ താരം ഹസൻ അലി ഇബ്രാഹിം അൽ ബ്ലൂഷിയാണ് സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്.

കേരളത്തിന്റെ ആതിഥ്യ മര്യാദ അത്ഭുതപ്പെടുത്തിയെന്നും ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്നറിഞ്ഞെന്നും പെന്റേവ് കുറിക്കുന്നു. കേരളത്തിൽ ധാരാളം ഫുട്‌ബോൾ ആരാധകരുണ്ട്. അവരുടെ അപേക്ഷ ഞാൻ ഏറ്റെടുത്ത് 2020 മാർച്ച് നാലിന് കാലിക്കറ്റ് വിമാനത്താവളത്തിൽ ഇറങ്ങി. എയർപോർട്ടിൽ നിന്ന് വാവ, കുഞ്ഞാനു എന്നിവരാണ് എന്നെ കൂട്ടാനെത്തിയത്. എല്ലാവരും എന്നെ അത്ഭുതപ്പെടുത്തി. മനോഹരമായ പ്രകൃതി. ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് കേരളമെന്നും പെന്റേവ് കുറിക്കുന്നു.

കൊറോണ മഹാമാരി കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ പോകാനാകുമോ എന്ന് ഭയപ്പെട്ടു. എന്നാൽ, പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനെ നയിക്കുന്നതാണ് കാണാനായതെന്നും അവരുടെ കാര്യപ്രാപ്തിക്കും ദുരന്തനിവാരണ കഴിവിനും ഞാനും സാക്ഷിയാകുന്നെന്നും അദ്ദേഹം കുറിച്ചു. പട്ടാമ്പിയിലെ ക്വാറന്റൈൻ കാലത്ത് മുതുമല ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയ ദാസ് എന്നെ ദിവസവും വിളിക്കും. ആരോഗ്യനില അന്വേഷിക്കും. പൊലീസും നല്ല രീതിയിൽ സഹകരിച്ചു.

കൊവിഡ് യൂറോപ്പിലും മറ്റ് ഭാഗങ്ങളിലും മഹാമാരിയായി പതിക്കുമ്പോൾ കേരളത്തിലായതിൽ അനുഗ്രഹമായി തോന്നുന്നു. പിണറായി വിജയനെയും ശൈലജയെയും നേരിൽ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അവരോട് എന്റെയും കുടുംബത്തിന്റെയും ക്ഷേമാന്വേഷണങ്ങൾ നേരിട്ട് അറിയിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

Exit mobile version