കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ക്ക് മറുപടിയുമായിഅധ്യാപകന്‍ പ്രേംകുമാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ക്ക് അക്കമിട്ട് നിരത്തി മറുപടി നല്‍കി അധ്യാപകനായ പ്രേംകുമാറിന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കി രംഗത്ത് വന്നത്. കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുത്തരവ് ഇറക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച പ്രസ്തുത ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. പ്രതിഷേധങ്ങളും നിലവിളികളും തുടരുകയാണ്. ആര്‍ക്കും രസിക്കാനിടയില്ലാത്ത ചില സംശയങ്ങളാണ് ചോദിക്കാനുള്ളതാണെന്ന് അദ്ദേഹം കുറിച്ചു.

കടന്ന് പോവുന്ന കൊറോണക്കാലം ലോകത്തെ പലപല കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, ഓണ്‍ലൈന്‍ ആയി പഠിക്കുന്നതാണ് ഏറ്റവും എളുപ്പമെന്നതാണത്. കുട്ടികള്‍ക്കത് മനസ്സിലായി കഴിഞ്ഞു. അമ്പത് കുട്ടികളെ ഒരു മുറിയിലിട്ടടച്ച് ഒരു മണിക്കൂര്‍ പുഴുങ്ങിയെടുക്കുന്ന ആ പഴയ പരിപാടി ഇനിയധികകാലം നടപ്പില്ല. കാലത്തിന്റെ പുസ്തകത്തില്‍ നിന്ന് പഠിക്കാം. മുന്നോട്ട് നടക്കാന്‍ നോക്കാം. അതൊക്കെയെ നടക്കൂവെന്നും പ്രേംകുമാര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുത്തരവ് ഇറക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച പ്രസ്തുത ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. പ്രതിഷേധങ്ങളും നിലവിളികളും തുടരുകയാണ്. ആര്‍ക്കും രസിക്കാനിടയില്ലാത്ത ചില സംശയങ്ങളാണ് ചോദിക്കാനുള്ളത്.

രണ്ട് കാര്യങ്ങളാണ് പ്രസ്തുത ഉത്തരവ് പറയുന്നത്.
1.കോളേജുകളില്‍ ഇനിമുതല്‍ full time പോസ്റ്റ് ഉണ്ടാവണമെങ്കില്‍ 16 പിരിയഡ് ഉണ്ടാവണം. UGC സ്‌കെയില്‍ വാങ്ങുന്ന ഒരു അസി.പ്രൊഫസര്‍ ആഴ്ചയില്‍ പരമാവധി 16 മണിക്കൂര്‍ പഠിപ്പിക്കണമെന്നാണ് ചട്ടം. ചിലയിടത്ത് ഈ 16 മണിക്കൂര്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അപ്പോഴും അനുവദിക്കപ്പെട്ടിരുന്നു ഒരു full time പോസ്റ്റ്. ഇതിനി അനുവദിക്കാനുള്ള സാമ്പത്തിക ശേഷിയില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

2. 16 മണിക്കൂര്‍ എന്ന കണക്ക് ഡിഗ്രി ക്ലാസുകളില്‍ പഠിപ്പിക്കലിന് മാത്രമാണ് ബാധകം. ഒരാള്‍ പി.ജി.ക്കാണ് ക്ലാസെടുക്കുന്നതെങ്കില്‍ ആഴ്ചയില്‍ പരമാവധി 10 മണിക്കൂര്‍ മതി. ഇതിനി അനുവദിക്കാനുള്ള സാമ്പത്തിക ശേഷിയില്ല; പി.ജി.ആയാലും യു.ജി. ആയാലും 16 മണിക്കൂര്‍ എങ്കിലും പഠിപ്പിക്കണം സാര്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

മുകളില്‍ പറഞ്ഞ രണ്ട് കാര്യങ്ങളുടെ മെറിറ്റ് നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ. എനിക്ക് സൂചിപ്പിക്കാനുള്ളത് വേറെ ചില കാര്യങ്ങളാണ്.

സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ പറയുന്ന ന്യായങ്ങളെന്തെന്ന് നോക്കാം.

1.’യുജിസി പ്രൊഫസര്‍ ആവുകയെന്ന, പി.ജി.യും പി.എച്ച്.ഡി.യും നേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നമാണില്ലാതാവുന്നത്.’ ഇവിടെയാണ് സംശയം. നിങ്ങള്‍ വലിയ യോഗ്യതകള്‍ ഉള്ളവരാണെന്നത് നല്ല കാര്യം. നിങ്ങള്‍ ക്വളിഫൈഡ് ആണെന്നത് കൊണ്ട് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല ജോലി സര്‍ക്കാര്‍ നല്‍കണമെന്ന് പറയുന്നത് നടപ്പുള്ള കാര്യമാണോ? പത്താംതരം പാസായാല്‍ LD ക്ലര്‍ക്ക് യോഗ്യതയാണ്. പത്താംതരം പാസായവരായി ലക്ഷക്കണക്കിനാളുകളുണ്ട് നാട്ടില്‍. അവര്‍ക്ക് ജോലി നല്‍കാന്‍ വേണ്ടി ക്ലര്‍ക്ക് മാരെ നിയമിക്കണമെന്ന് പറയുന്നത് ന്യായമാണോ? കോളേജുകള്‍ നടത്തുന്നത് നിങ്ങള്‍ക്ക് ജോലി തരാന്‍ വേണ്ടിയാണോ? അതോ കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കാന്‍ വേണ്ടിയാണോ? ഡോക്ടര്‍മാര്‍ക്ക് ജോലി കൊടുക്കാനാണോ ആശുപത്രികള്‍? അതോ രോഗികള്‍ക്ക് മരുന്ന് കൊടുക്കാനോ?

2.’പി.ജി. വൈയ്‌റ്റെജ് എടുത്തുകളഞ്ഞാല്‍, സ്ഥിരഅധ്യാപക നിയമനം വൈകിയാല്‍ അത് കോളേജുകളിലെ പഠനഗുണനിലവാരത്തെ ബാധിക്കും.’ കേട്ടാല്‍ തെറ്റില്ലാത്ത ന്യായമാണത്. പഠനനിലവാരമുയര്‍ത്തുക എന്നത് തന്നെയാണല്ലോ നിങ്ങളുടെ ഉദ്ദേശം? ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളായ ‘ആയിരക്കണക്കിനാളുകളോട്’ ഒരു സംശയം ചോദിക്കാനുണ്ട്. മാറിയ കാലത്തിനനുസരിച്ച് അപ്‌ഡേറ്റ് ആവാത്ത, പഠിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത കുറേ ആളുകളുണ്ടല്ലോ കോളേജുകളില്‍. പേരെടുത്ത് പറയണ്ട; ഉണ്ടല്ലോ. പഠനഗുണനിലവാരമുറപ്പാക്കാന്‍ ഇവരെയെന്തെങ്കിലും ചെയ്യണ്ടേ? അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ SETP എന്നൊരു പരിപാടിയുണ്ടല്ലോ. Student Evaluation of Teachers’ Performance. ഈ പരിപാടി ഇവിടെയും കൊണ്ടു വരുന്നതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം? വെറുതെ Evaluation നടത്തിയാല്‍ പോര ട്ടോ; തോല്‍ക്കുന്ന പ്രൊഫസര്‍മാരെ വേറെ ജോലിക്ക് പറഞ്ഞു വിടണം. ഒന്ന് നോക്കിയാലോ? ഗുണനിലവാരം ഉയര്‍ത്തേണ്ടതല്ലേ?

This is a must simply because: നമ്മുടെ നാട്ടില്‍, സര്‍ക്കാര്‍ അധ്യാപകജോലി കിട്ടുന്നത് ഏറ്റവും നന്നായ് പഠിക്കുന്നവര്‍ക്കാണ്. ഏറ്റവും നന്നായി പരീക്ഷകള്‍ എഴുതുന്നവര്‍ക്കാണ്. നന്നായ് പഠിക്കുന്നവര്‍ നന്നായ് പഠിപ്പിക്കുന്നവരാവണമെന്നില്ല. പലപ്പോഴും പഠിപ്പിസ്റ്റുകള്‍ ഭൂലോക പരാജയങ്ങളാവും പഠിപ്പിക്കാന്‍ വരുമ്പോള്‍.

3.’യോഗ്യരായവര്‍ വെറുതെയിരിക്കേണ്ടി വരും.’ശരിയാണെന്ന് സമ്മതിക്കാം. നമുക്കെല്ലാമറിയാവുന്ന കാര്യമാണ് കേരളത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലി കിട്ടുന്നതിന്റെ ‘യോഗ്യതകള്‍’ എന്തൊക്കെയാണെന്നത്. അവിടെയും നിയമനം PSC വഴി തന്നെ ആക്കിയാലോ? നല്ലതല്ലേ? ഇപ്പൊ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സിപിഎം അനുകൂല AKPCTA അടക്കം എല്ലാവരും കൂടെത്തന്നെ കാണുമെന്ന് ഉറപ്പാണല്ലോ ല്ലേ?

പ്രിയപ്പെട്ട സുഹൃത്തുക്കളേ നിങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യം കൂടി പറയട്ടേ? കടന്ന് പോവുന്ന കൊറോണക്കാലം ലോകത്തെ പലപല കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, ഓണ്‍ലൈന്‍ ആയി പഠിക്കുന്നതാണ് ഏറ്റവും എളുപ്പമെന്നതാണത്. കുട്ടികള്‍ക്കത് മനസ്സിലായി കഴിഞ്ഞു. അമ്പത് കുട്ടികളെ ഒരു മുറിയിലിട്ടടച്ച് ഒരു മണിക്കൂര്‍ പുഴുങ്ങിയെടുക്കുന്ന ആ പഴയ പരിപാടി ഇനിയധികകാലം നടപ്പില്ല കേട്ടോ. കാലത്തിന്റെ പുസ്തകത്തില്‍ നിന്ന് പഠിക്കാം. മുന്നോട്ട് നടക്കാന്‍ നോക്കാം. അതൊക്കെയെ നടക്കൂ.

Exit mobile version