നാട്ടില്‍ എത്തണമെന്നായിരിക്കും പ്രവാസികളുടെ ആഗ്രഹം, എന്നാല്‍ അത് പ്രായോഗികമല്ല, എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ അത് കേന്ദ്രത്തിന് മാത്രം; മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം; പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി കെടി ജലീല്‍. ലക്ഷക്കണക്കിന് മലയാളികളാണ് വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നതെന്നും ലോകം മുഴുവന്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ പ്രവാസികളെ തിരികെക്കൊണ്ടുവരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ നാട്ടില്‍ എത്തണമെന്നായിരിക്കും പ്രവാസികളുടെ ആഗ്രഹം. എന്നാല്‍ അത് പ്രായോഗികമല്ല. പ്രവാസികളോട് അഭ്യര്‍ഥിക്കാനുള്ളത് ഇപ്പോള്‍ നിങ്ങള്‍ ഉള്ള രാജ്യത്ത് അവിടത്തെ പ്രോട്ടോക്കോള്‍ അനുസരിച്ച് നില്‍ക്കുക എന്നതാണെന്നും മന്ത്രി കെടി ജലീല്‍ ഒരു മാധ്യമത്തോടായി പറഞ്ഞു.

ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ചിലര്‍ പരാതിയുമായി വിളിക്കുന്നുണ്ട്. അന്താരാഷ്ട്രനിയമമനുസരിച്ച് അവിടെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ നമ്മള്‍ പരാതിപ്പെടുന്നതുപോലും ശരിയല്ലെന്നും അതു പിന്നീട് അവിടത്തെ പ്രവാസികളെത്തന്നെയാവും ബാധിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രവാസികള്‍ ആവശ്യമായ ആരോഗ്യസേവനം അവിടത്തെ അധികാരികളുമായി ബന്ധപ്പെട്ട് നേടിയെടുക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും അംബാസഡര്‍മാര്‍ക്കും കത്തെഴുതിയിട്ടുണ്ടെന്നും ചികിത്സയും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യങ്ങളൊക്കെ പ്രധാനമന്ത്രിയോടാണ് നമ്മള്‍ പറയുക. പ്രധാനമന്ത്രിയാണ് അത് അതതുരാജ്യങ്ങളുടെ ഭരണാധികാരികളോട് പറയേണ്ടത്. സംസ്ഥാനസര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രവാസികള്‍ക്ക് ആവശ്യമായത് ചെയ്യുന്നുണ്ടെന്ന് കുവൈത്തില്‍നിന്നും യു.എ.ഇ.യില്‍നിന്നും ഇതിന് മറുപടി വന്നിട്ടുണ്ടെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.

Exit mobile version