തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു; ചികിത്സിച്ച ഡോക്ടര്‍മാരും ബന്ധുക്കളും നിരീക്ഷണത്തില്‍

തിരുവല്ല: ഹൈദരാബാദില്‍ നിന്നും വന്ന് തിരുവല്ലയില്‍ കോവിഡ് 19 നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാര്‍ (62) ആണ് മരിച്ചത്. ഇയാള്‍ വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

മാര്‍ച്ച് മാസം 23നാണ് ഇയാള്‍ ഹൈദരാബാദില്‍ നിന്നും വന്നത്. തിരുവല്ലയിലെ താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു സമാനമായ രോഗലക്ഷണങ്ങളോടു കൂടി വൈകുന്നേരമാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ രക്ത-സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രഥമദൃഷ്ട്യ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ചികിത്സിച്ച ഡോക്ടര്‍മാരേയും ബന്ധുക്കളേയും നിരീക്ഷണത്തിലാക്കി.

Exit mobile version