ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന, തടയാനെത്തിയ പോലീസുകാരെ വിശ്വാസികള്‍ തടഞ്ഞു; ഗര്‍ഭിണിക്കും സിഐക്കും പരിക്ക്

തൃശൂര്‍: ലോകത്താകമാനം പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുന്ന കൊറോണ വൈറസ് വ്യാപനം രാജ്യത്ത് തടയുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആളുകള്‍ കൂടുന്ന പ്രാര്‍ത്ഥന, കല്ല്യാണം എന്നിവയെല്ലാം ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

അതിനിടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തള്ളി നിയന്ത്രണം ലംഘിച്ചവര്‍ നിരവധിയാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയില്‍ നടന്നത്. ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി.

ആളുകള്‍ ഒത്തുകൂടിയ പരിപാടി തടയാനെത്തിയ പോലീസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ സിഐക്കും ഗര്‍ഭിണിക്കും പരിക്കേറ്റു. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ ബൈക്കുകളിലായാണ് പള്ളിയിലെത്തിയത്. ഇത് കണ്ട നാട്ടുകാര്‍ ബൈക്കുകള്‍ പിടിച്ചെടുത്തു.

പിന്നീട് ബൈക്കുടമകള്‍ വണ്ടി ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയെ മുന്നിര്‍ത്തിയാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ നിരവധിയാണ്.

Exit mobile version