ആരോഗ്യത്തിന് ഭീഷണി; ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതുഇടങ്ങളില്‍ വലിച്ചെറിയരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നത് ആരോഗ്യത്തിന് തന്നെ ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ വലിച്ചെറിയുന്നതിലൂടെ ആരോഗ്യഭീഷണി ഉയര്‍ത്തുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മാസ്‌ക്കിലും ഗ്ലൗസിലും വൈറസുകള്‍ ഉണ്ടെങ്കില്‍ അത് ഏറെ നേരം നിലനില്‍ക്കും. പൊതുഇടങ്ങളില്‍ ഇവ വലിച്ചെറിയാന്‍ പാടില്ല. ഇത് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് അസുഖമുണ്ടായത്. 13 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്.

Exit mobile version