കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുവൻ ആളുകളേയും വീട്ടിലേക്ക് തിരിച്ചയച്ചു; ആർക്കും രോഗലക്ഷണങ്ങളില്ല; ആശ്വാസം!

കണ്ണൂർ: കൊവിഡ് രോഗത്തെ ഏറ്റവും ഫലപ്രദമായി നേരിട്ട ജില്ലകളിലൊന്നായി മാറി കണ്ണൂരും. കണ്ണൂരിൽ പല നിരീക്ഷണ ക്യാമ്പുകളിലായി കഴിയുകയായിരുന്ന മുഴുവൻ പേരെയും വീടുകളിലേക്ക് മടക്കി അയച്ചു. വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 235 പേരിൽ ഒരാൾക്ക് പോലും രോഗലക്ഷണങ്ങളില്ലാത്തതിനെ തുടർന്നാണ് നടപടി.

വീട്ടിലേക്ക് അയച്ചവർ വീടുകളിൽ 14 ദിവസം കൂടി ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദേശം. സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരിൽ കൂടുതൽ പേരും കണ്ണൂരിൽ നിന്നുള്ളവരാണ്.അഞ്ചരക്കണ്ടിയിൽ പതിനൊന്ന് ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയിൽ നിന്നും ഒൻപത് പേരാണ് രോഗം ഭേദമായി വീടുകളിലെത്തിയത്. രോഗം ബാധിച്ച 56 പേരിൽ 28 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്.

സർക്കാർ ആശുപത്രികളിലെ മികച്ച ചികിത്സയും പരിചരണവുമാണ് രോഗം വേഗത്തിൽ സുഖപ്പെടുത്തിയതെന്ന് ആശുപത്രി വിട്ടവർ പറയുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഒൻപത് പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എട്ട് പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരും രോഗം ഭേദമായി വീടുകളിലെത്തി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് രോഗം ഭേദമായി മടങ്ങിയവരിൽ ഗർഭിണിയുമുണ്ട്.

Exit mobile version