ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുമോ? നിയന്ത്രണങ്ങള്‍ തുടരുമോ? മന്ത്രിസഭ യോഗം ഇന്ന്, തീരുമാനങ്ങള്‍ ഇന്നറിയാം

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഈ മാസം 14ന് അവസാനിക്കും. ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടിപടികളെക്കുറിച്ച് ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും.

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിച്ച നടപടികള്‍, നിലവിലെ സ്ഥിതിഗതികള്‍ തുടങ്ങിയവയെല്ലാം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം, സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരും.
അതിനാല്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചാലും കടുത്ത നിയന്ത്രണം തുടരാനാണ് സാധ്യത. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

അതേസമയം, സാലറി ചാലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും വിശദാംശങ്ങള്‍ക്കു രൂപം നല്‍കിയിരുന്നില്ല. അതിനാല്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സാലറി ചാലഞ്ച് നടപടികള്‍ക്കും അന്തിമ രൂപം നല്‍കും.

Exit mobile version