കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും, സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകളില്‍ നിന്ന് വരുന്ന രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തില്‍ വെക്കുമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ലോക്ക് ഡൗണ്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തലസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്ന രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും. ജില്ലാഅതിര്‍ത്തികളില്‍ സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്നാണ് കളക്ടര്‍ നല്‍കിയ നിര്‍ദേശം.

നിലവില്‍ ജില്ലയില്‍ 7 പേരാണ് ചികിത്സയിലുള്ളത്. അമരവിള, കോഴിവിള, ആറുകാണി, തട്ടത്തുമല, കാപ്പില്‍, മടത്തറ തുടങ്ങി ജില്ലാ അതിര്‍ത്തികളില്‍ ഇന്നലെ മാത്രം 3524 വാഹനങ്ങളിലായി 5383 പേരെ സ്‌ക്രീനിങ് നടത്തി. അതേസമയം,ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി സുരക്ഷ ഉദ്യോഗസ്ഥര്‍ നടപടികള്‍ ശക്തമാക്കി കാവല്‍ നില്‍ക്കുമ്പോഴും സംസ്ഥാനത്ത് തന്നെ ലോക്‌ഡൗണ്‍ ലംഘനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് തിരുവനന്തപുരത്താണ്.

നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന ധാരണയില്‍ ജനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടതോടെ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി. അനാവശ്യ യാത്രക്കാരെ കയ്യോടെ പിടികൂടി.അവശ്യയാത്രകളില്‍ പോലും സാമൂഹിക അകലം പാലിക്കണമെന്നും സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

Exit mobile version