തൃശ്ശൂരിന് ആശ്വാസം: അഞ്ചാം ദിനവും കോവിഡ് പോസിറ്റീവ് കേസുകളില്ല

തൃശൂര്‍: അഞ്ചാം ദിനവും തൃശ്ശൂരിന് ആശ്വാസം, ജില്ലയില്‍ പുതിയ കോവിഡ് പോസിറ്റീവ് കേസുകളില്ല. കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലമാണ് തുടര്‍ച്ചയായ രണ്ടാം വട്ടവും നെഗറ്റീവായത്.

നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. വീടുകളില്‍ 14996 പേരും ആശുപത്രികളില്‍ 37 പേരും ഉള്‍പ്പെടെ ആകെ 15033 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. 5 പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ 7 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് 19 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 844 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഇനി 28 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Exit mobile version