കോവിഡ് ബാധയില്ലാത്ത രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് അതിർത്തി കടക്കാം; കർണാടക സമ്മതമറിയിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസർകോട് നിന്നും കർണാടകയിലെ ആശുപത്രികളിലേയ്ക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി പോകുന്ന ആംബുലൻസുകൾ കടത്തിവിടാൻ കർണാടക അനുവാദം നൽകിയെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലപ്പാടി ചെക്ക്‌പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ സംഘമുണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നതെന്ന് നിശ്ചയിച്ച് അനുവാദം വാങ്ങാം എന്നാണ് കർണാടക അറിയിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, കർണാടക, തമിഴ്‌നാട് അതിർത്തിപ്രദേശങ്ങളിലെ ആളുകൾക്ക് വയനാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്താനുള്ള സൗകര്യം കേരളം ചെയ്തുകൊടുക്കുന്നുണ്ട്. കർണാടകയിലെ ബൈലക്കുപ്പ, മച്ചൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തമിഴ്‌നാട്ടിലെ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ നിന്നുമുള്ളവരാണ് വയനാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. കർണാടകയിൽ നിന്നും 29 പേരും തമിഴ്‌നാട്ടിൽ നിന്ന് 44 പേരും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ചരക്ക് നീക്കത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളുമായി ഇന്നലെ പകൽ 1981 ലോറികൾ വന്നു. കർണാടക അതിർത്തിയിൽ നിന്ന് 649 ഉം തമിഴ്‌നാട് അതിർത്തിയിൽ നിന്ന് 1332 ഉം ലോറികളാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version