അവസാന ശമ്പളം കോവിഡ് ദുരിതാശ്വാസത്തിന്: മൂന്ന് പതിറ്റാണ്ടുകാലത്തെ അധ്യാപന ജീവിതത്തോട് വിടപറഞ്ഞ് ഉമാദേവി ടീച്ചര്‍

കോന്നി: മൂന്ന് പതിറ്റാണ്ടുകാലത്തെ അധ്യാപന ജീവിതത്തിന് വിരാമിടുമ്പോള്‍
എസ്‌കെ ഉമാദേവി ടീച്ചര്‍ നിരവധി പേരുടെ ജീവിതത്തിന് തണലാവുകയാണ്.
തുമ്പമണ്‍ നോര്‍ത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാള അധ്യാപികയായ ഉമാദേവി ടീച്ചര്‍ തന്റെ അവസാന ശമ്പളം കോവിഡ് ദുരിതാശ്വാസത്തിന് നല്‍കിയാണ്
അധ്യാപന ജീവിതത്തോട് വിട പറഞ്ഞത്.

31 വര്‍ഷത്തെ അധ്യാപനജീവിതത്തില്‍ നിന്നും മാര്‍ച്ച് 31ന് വിരമിച്ച ടീച്ചര്‍ അവസാന
ശമ്പളമായി ലഭിച്ച 62,400 രൂപ ജില്ലാ ട്രഷറി ഓഫിസര്‍ പ്രസാദ് മാത്യുവിന് കൈമാറി.
ലോകംതന്നെ കോവിഡ് ബാധമൂലം ദുരിതം അനുഭവിക്കുമ്പോള്‍ തന്നാലാകുന്നത് മറ്റുള്ളവര്‍ക്കായി ചെയ്യണം എന്ന തോന്നലാണ് അവസാനമായി ലഭിച്ച മുഴുവന്‍ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ടീച്ചര്‍ പറയുന്നു. പത്രത്തില്‍ പേരുവരാന്‍ വേണ്ടി ചെയ്തതല്ലെന്നും ആരും അറിയാതെ നല്‍കിയിട്ട് പോകാനായിരുന്നു പ്ലാനെന്നും നിഷ്‌കളങ്കമായ ചിരിയോടെ ടീച്ചര്‍ പറയുന്നു. പ്രളയകാലത്തും ടീച്ചര്‍ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നല്‍കിയിരുന്നു

1989ല്‍ മലപ്പുറം പാണ്ടിക്കാട് ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപന ജീവിതം ആരംഭിച്ച ഉമാദേവി 13 വര്‍ഷം തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സേവനം അനുഷ്ടിച്ചു. ഊന്നുകല്‍ മുകളുകാലായില്‍ പരേതനായ എംആര്‍ മണിലാലിന്റെ ഭാര്യയാണ്.

Exit mobile version