കേരളം കൊറോണയെ അതിജീവിക്കും! പോരാടാന്‍ ഞാന്‍ വീണ്ടുമെത്തും, ആശങ്കകളില്ലാതെ ആവേശമായി നഴ്‌സ് രേഷ്മ മോഹന്‍ദാസ്

കോട്ടയം: കോവിഡ് ബാധിച്ച വൃദ്ധ ദമ്പതികളായ തോമസ് (93), മറിയാമ്മ (88)യും അവരെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകയും രോഗം ഭേദമായി ആശുപത്രി വിട്ട വാര്‍ത്ത കേരളത്തിന്റെ ആരോഗ്യമികവിന്റെ തെളിവാണ്. അതേസമയം, നഴ്‌സിന് വൈറസ് ബാധയുണ്ടായെന്നത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും അവരുടെ തിരിച്ചുവരവ് ഏറെ ആവേശം പകരുന്നതാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹന്‍ദാസിനാണ് വൈറസ് ബാധയുണ്ടായത്. വളരെ വേഗം തന്നെ രോഗം ഭേഭമായി ഡിസ്ചാര്‍ജ് ആയപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ പറയുന്നത്.

നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്. ഡിസ്ചാര്‍ജ് സമയത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശൂഷിക്കുന്നതിനിടെയാണ് കോവിഡ് 19 പിടിപെട്ടത്. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെപ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചത്.

ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല.

കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ആദ്യമൊക്കെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറും ആശുപത്രിയിലെ സഹപ്രവര്‍ത്തകരും വലിയ പിന്തുണയാണ് നല്‍കിയതെന്ന് രേഷ്മ പറഞ്ഞു.

എറണാകുളം തൃപ്പുണ്ണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ മോഹന്‍ദാസ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എഞ്ചിനീയറാണ്. ഭര്‍ത്താവിന്റെ അമ്മയും വീട്ടിലുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയത്. കോവിഡ് അക്കാഡമിക് സെല്‍, കോവിഡ് എഡ്യൂക്കേഷന്‍ സെല്‍, കണ്‍ട്രോള്‍ റൂം, സംശയനിവാരണം മാറ്റുന്നതിന് ടെക്നിക്കല്‍ ഹെല്‍ത്ത് ഗ്രൂപ്പ്, പരാതി പരിഹാരത്തിന് ഗ്രിവന്‍സ് സെല്‍, സ്റ്റാഫിന്റെ ക്ഷേമത്തിനായി പ്രത്യേക ടീം, ജീവനക്കാരുടെ പ്രചോദനത്തിന് മോട്ടിവേഷന്‍ സെല്‍ എന്നിവ രൂപീകരിച്ചു. ഈ സംഘങ്ങളുടെ സജീവ പ്രവര്‍ത്തന ഫലം കൂടിയാണ് ഈ വിജയം.

കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ഡി.എം.ഒ. ഡോ. ജേക്കബ് വര്‍ഗീസി, ഡി.പി.എം. ഡോ. വ്യാസ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനമാണ് കോട്ടയം ജില്ലയില്‍ നടന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാര്‍, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍.എം.ഒ. ഡോ. ആര്‍.പി. രെഞ്ജിന്‍, എ.ആര്‍.എം.ഒ. ഡോ. ലിജോ, നഴ്സിംഗ് ഓഫീസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. 25 നഴ്സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.

Exit mobile version