സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് പേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ ഡല്‍ഹി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 295 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് എത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്ന് എത്തിയതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളും, 7 പേര്‍ വിദേശികളുമാണ്. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് 78 പേര്‍ക്കാണ്. അതെസമയം ഇന്ന് 14 പേര്‍ക്ക് രോഗം ഭേദമായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version