ലോക്ക് ഡൗൺ ലംഘിച്ച് കോട്ടയത്ത് സ്‌കൂളിൽ വെള്ളിയാഴ്ച നമസ്‌കാരം സംഘടിപ്പിച്ചു; സ്‌കൂൾ മാനേജർ അടക്കം 23 പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

കോട്ടയം: കൊറോണ കാലത്ത് ആരാധനാലയങ്ങളിൽ അടക്കം ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കാനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ച് ഒത്തുകൂടിയവർ അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ടയിലാണ് ലോക്ക്ഡൗൺ നിർദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി ചിലർ സംഘടിച്ചത്. ഇതിൽ 23 പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തന്മയ സ്‌കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ഇതിനിടെ, കൊല്ലം പരവൂരിലും ലോക്ക്ഡൗൺ നിർദേശം ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരവൂർ പോലീസാണ് കേസെടുത്തത്. സർക്കാർ നിർദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കൊച്ചിയിൽ കേസെടുത്തിട്ടുണ്ട്.

പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്. കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാർത്ഥനകളും ഒഴിവാക്കണമെന്ന് സർക്കാരിന്റെ കർശന നിർദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണ കൂടം ഇത് ആവർത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നിയമങ്ങളെ ചിലർ വെല്ലുവിളിക്കുന്നത്.

Exit mobile version