കൊറോണയ്ക്ക് എതിരെ ഒരുമിച്ച് പോരാടാം; ആശുപത്രിയും ഹോസ്റ്റലുകളും ഐസൊലോഷൻ വാർഡാക്കാൻ വിട്ടുനൽകി മാതൃകയായി തലശ്ശേരി രൂപത

കണ്ണൂർ: മഹാമാരി ദുരന്തം വിതയ്ക്കാനെത്തിയിട്ടും അത്രപെട്ടെന്നൊന്നും തോറ്റു കൊടുക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കേരളക്കര. ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കുമ്പോൾ തിരിച്ചടികളുണ്ടായാലും ഈ ജനത അത്ര പെട്ടെന്നൊന്നും തളരാൻ തയ്യാറല്ല. സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒത്തൊരുമിച്ചാണ് കൊറോണയ്‌ക്കെതിരെ പ്രതിരോധം തീർക്കുന്നത്. സ്വന്തം വീടുപോലും ഐസൊലേഷൻ വാർഡായി വിട്ടുകൊടുക്കാൻ തയ്യാറായി ജനങ്ങൾ രംഗത്തെത്തുമ്പോൾ അതും ഒരു മാതൃകയാവുകയാണ്.

ഇതിനിടെ, തലശ്ശേരി അതിരൂപതയും മാതൃകയാവുന്നത് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സ്വയം സന്നദ്ധരായി മുന്നോട്ട് വന്നാണ്. മഹാമാരിയെ പ്രതിരോധിക്കാനായി എന്തു ചെയ്യാം എന്നുള്ള ചിന്തയിൽ, അടിയന്തിര ഘട്ടത്തിൽ തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ജോസ്ഗിരി ആശുപത്രി കൊറോണ ചികിത്സയ്ക്കായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചാണ് തങ്ങളാൽ കഴിയും വിധം രൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് പാബ്ലാനിയും പ്രതിരോധ ചങ്ങലയിൽ കണ്ണിയായിരിക്കുന്നത്.

കൊറോണ അതിന്റെ എല്ലാമോശം അവസ്ഥയും പുറത്തെടുത്താൽ, അടിയന്തര ഘട്ടത്തിൽ ആശുപത്രികൾ പോലും രോഗികളെ കൊണ്ട് നിറയുന്ന ഒരു അവസ്ഥയായിരിക്കും വരുന്നത്. അതുമുന്നിൽ കണ്ടുകൊണ്ടാണ് രൂപതയ്ക്ക് കീഴിലെ കോളേജുകളും ഹോസ്റ്റലുകളും ഐസൊലേഷൻ വാർഡാക്കി മാറ്റാനും സന്തോഷം മാത്രമെയുള്ളൂവെന്ന് ഈ ആത്മീയ നേതൃത്വം പ്രതികരിക്കുന്നത്. രൂപതയ്ക്ക് കീഴിലെ മാതാ ട്രെയിനിങ് സെന്ററും വിമൽ ജ്യോതി കോളേജ് ഹോസ്റ്റലും ഉൾപ്പടെയുള്ളവയാണ് ഐസൊലേഷൻ വാർഡാക്കി മാറ്റുക. ഈ സത്പ്രവർത്തികളിലൂടെ ഒക്കെയും മഹാമാരിയെ നേരിടുന്ന ജനകീയ കൂട്ടായ്മയ്ക്ക് മാതൃകയാവുകയാണ് തലശ്ശേരി.

ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും തയ്യാറാക്കിയ കൊറോണയെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ കൂടിയാണ് തലശ്ശേരി രൂപതയും അധ്യക്ഷൻ ബിഷപ്പ് ജോസഫ് പാബ്ലാനിയും പ്രഖ്യാപിച്ചിട്ടുള്ളത്. രൂപതയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളും ജോസ് ഗിരി ആശുപത്രിയും അടിയന്തര ഘട്ടത്തിൽ ഐസൊലേഷൻ വാർഡ് ആക്കി മാറ്റാൻ തയ്യാറായി ബിഷപ്പ് ജോസഫ് പാബ്ലാനി തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഇക്കാര്യം സ്ഥലം എംഎൽഎ എഎൻ ഷംസീറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഡിഅഡിക്ഷൻ സെന്ററായ പ്രതീക്ഷയുടെ കെട്ടിടം ഇതിനോടകം തന്നെ എരഞ്ഞോളി പഞ്ചായത്തിലെ വിദേശത്ത് നിന്നെത്തുന്നവരെ ക്വാറന്റൈൻ ചെയ്യാനുള്ള ഐസൊലേഷൻ വാർഡാക്കി മാറ്റി കഴിഞ്ഞു. ഇവിടെ ക്വാറന്റൈനിൽ ആളുകളെ പ്രവേശിപ്പിച്ചിട്ടുമുണ്ട്. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എകെ രമ്യയുടെ അഭ്യർത്ഥന പ്രകാരമാണ് പ്രതീക്ഷ ഡി അഡിക്ഷൻ സെന്റർ ക്വാറന്റൈൻ വാർഡാക്കി മാറ്റാൻ തലശ്ശേരി അതിരൂപത വിട്ടുനൽകിയത്. കൊറോണ കാലത്ത് ഏറെ ചിന്തിച്ചുനിൽക്കാതെ തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയാണ് വേണ്ടതെന്ന് ഈ മാതൃക സൂചിപ്പിക്കുന്നു.

Exit mobile version