കൊവിഡ് 19; മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടായി

തീരൂര്‍: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു. ഉംറ കഴിഞ്ഞെത്തിയ ഇയാളുടെ മകനില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം പാലിക്കാതെ മകന്‍ പിതാവിനെ സന്ദര്‍ശിക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു.

മാര്‍ച്ച് 26 ന് പിതാവിന് പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 28 നും ഇതേ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് അന്ന് രാത്രി ഇയാള്‍ ആക്കപറമ്പിലുള്ള സ്വകാര്യ ക്ലിനിക്കിലും പോയിരുന്നു. തുടര്‍ന്ന് അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇതേ ക്ലിനിക്കില്‍ ഇയാള്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ എത്തിയിരുന്നു.

അതേസമയം ഇത്രയും രോഗലക്ഷണള്‍ കാണച്ചിട്ടും ഇയാളോ ഇയാളുടെ കുടുംബമോ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചിരുന്നില്ല. ആരോഗ്യവകുപ്പിനെ അറിയിക്കാതെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലത്രയും ഇയാള്‍ വിവിധ ക്ലിനിക്കുകളില്‍ ചികിത്സതേടിയത്. അതേസമയം ആശുപത്രി അധികൃതരും വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്ന റിപ്പോര്‍ട്ടുമുണ്ട്. നിലവില്‍ ഇയാളുടെ കുടുംബാംഗങ്ങളൊക്കെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ മകന്‍ ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ജിദ്ദ കരിപ്പൂര്‍ എസ്‌വി 747 വിമാനത്തിലെ യാത്രക്കാര്‍ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 2737858, 2737857, 2733251, 2733252, 2733253

Exit mobile version