ആയിരം കൊല്ലം മുമ്പ് കൊറോണയെക്കുറിച്ച് കിതാബുകളിൽ പറഞ്ഞിട്ടുണ്ടെന്ന് മതപണ്ഡിതർ; സത്യം ഇതാണ്

ഫഖ്‌റുദ്ധീൻ പന്താവൂർ

കൊറോണയെ വെല്ലുന്ന മറ്റുചില ദുരന്തങ്ങളുണ്ട്. കൊറോണയെക്കുറിച്ച് ആയിരം കൊല്ലം മുമ്പ് കിതാബുകളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന ഓൺലൈൻ മതപ്രഭാഷണങ്ങളും അവകാശവാദങ്ങളുമാണ് ആ ദുരന്തങ്ങൾ. കേരളത്തിൽ മാത്രമല്ല അറബ് നാടുകളിലെ മത പണ്ഡിതരിൽ ചിലരും ഈ അബദ്ധത്തിൽ വീണിട്ടുണ്ട്. പലരുടെയും ധാരണ ഇതെല്ലാം ഇസ്ലാം മതത്തിന്റെ മഹത്വരമെന്നാണ്. എന്നാൽ സംഭവിക്കുന്നതോ ഇത്തരം അബദ്ധങ്ങൾ ശരിയായ സുക്ഷമ പരിശോധന നടത്താതെ പ്രഭാഷകർ ഉപയോഗിക്കുകവഴി മതം തന്നെ ചോദ്യം ചെയ്യപ്പെടുകയും പ്രാമാണികത അപഹസിക്കപ്പെടുകയും ചെയ്യും.
ആദ്യം നമുക്ക് പ്രഭാഷകർ അവകാശപ്പെടുന്ന കാര്യങ്ങൾ നോക്കാം.

1. ആയിരം കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച കിതാബിൽ കൊറോണയെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
2. ഇബ്രാഹീം ഇബ്‌ന് സലൂഖി, അബൂ അലി തുടങ്ങിയവരുടെ അറബ് കിതാബുകളിലാണ് ഈ മുന്നറിയിപ്പ്.
3. ഇസ്ലാമിന്റെ മഹത്വമാണ് ആയിരം കൊല്ലം മുമ്പുള്ള ഈ കണ്ടെത്തൽ.
4. കൊറോണ എന്ന വാക്ക് തന്നെ അബൂ അലിയുടെ ഗ്രന്ഥങ്ങളിൽ കാണാം.
5. അറബ് ലോകത്തെ പണ്ഡിതരിൽ ചിലർപോലും ഇത് പ്രചരിപ്പിക്കുന്നു.
6. കിതാബിന്റെ പേരും പേജ് നമ്പറും വർഷവും ഉദ്ധരിച്ചാണ് ഈ നുണ പ്രചരിച്ചിരുന്നത്.
7. ഇബ്രാഹീം സലൂഖിയുടെ അഖ്ബാറുസ്സമാൻ എന്ന ഗ്രന്ഥത്തിന്റെ 365 പേജിലാണ് ഈ മഹാമാരിയുടെ മുന്നറിയിപ്പുള്ളത്.
8. അബൂ അലിയുടെ അസാഇമു ദുഖൂർ എന്ന ഗ്രന്ഥത്തിൽ കൊറോണ എന്ന പേരും അതിന്റെ ദുരന്തവും വ്യക്തമായി പറയുന്നു.

ഇനി യാഥാർത്ഥ്യങ്ങൾ.

1. ഇങ്ങനെയൊരു ഗ്രന്ഥമെയില്ല.
2. ഇങ്ങനെ രണ്ടു രചയിതാക്കളും ഇല്ല.
3. എല്ലാം വാട്‌സ്ആപ്പ് സർവ്വകലാശാലകളുടെ സൃഷ്ടിയാണ്.
4. ഗൂഗിളിൽ പരതിയാൽ ഇത്തരം ഗ്രന്ഥങ്ങളുടെ പേജുകൾ കാണാം. അതെല്ലാം വ്യാജമാണ്.
5. ഇബ്രാഹീം ഇബ്‌നു സലൂഖി എന്നൊരാൾ ഇല്ല.അഖ്ബാറുസ്സമാൻ എന്ന യഥാർത്ഥ ഗ്രന്ഥത്തിന്റെ പേരുപയോഗിച്ച് ആരോ പടച്ചുവിട്ട നുണക്കഥകളാണിത്.
6. പ്രഭാഷകരും പണ്ഡിതരും ഗൂഗിളിലും വാട്‌സ് ആപ്പ് സർവ്വകലാശാലകളിലും കണ്ണടച്ച് വിശ്വസിച്ചതാണ് മധുരമുള്ള ഈ നുണകൾ പ്രചരിക്കാൻ കാരണം.
7. അബൂ അലിയെന്നൊരു ഗ്രന്ഥകാരൻ തന്നെ ജീവിച്ചിരുന്നിട്ടില്ല.ഗ്രന്ഥവുമില്ല.

കൊറോണക്കാലം ഓൺലൈൻ മതപ്രഭാഷകർക്ക് ചാകരക്കാലമാണ്. നല്ലത്,പക്ഷെ ഇതുപോലുള്ള വ്യാജ അവകാശവാദങ്ങൾ മതത്തിന്റെ പേരിൽ തളളരുത്.സാധാരണക്കാർ മാത്രമല്ല പണ്ഡിതന്മാർ പോലും ഈ നുണക്കഥയിൽ വീണിട്ടുണ്ട്.ബോധമുളളവർ ഇതെല്ലാം കേട്ട് ഒടുവിൽ മതത്തെത്തന്നെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്യും.പ്രശസ്ത സുന്നി പണ്ഡിതനും സൂഫി ചിന്തകനുമായ കക്കാട് മുഹമ്മദ് ഫൈസി ഇത്തരം അവകാശവാദങ്ങൾ പൂർണ്ണമായും നുണകളാണെന്ന് സമർത്ഥിച്ചിട്ടുണ്ട്.

ഫഖ്‌റുദ്ധീൻ പന്താവൂർ (9946025819)

Exit mobile version