കൊവിഡ് 19; മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് എടപ്പാള്‍, തിരൂര്‍ സ്വദേശികള്‍ക്ക്

പൊന്നാനി: മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. എടപ്പാള്‍, തിരൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച് 18 നാണ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്.

ഇയാളുടെ റൂട്ട് മാപ്പ് ഇങ്ങനെ, ഐഎക്‌സ് 346 എന്ന വിമാനത്തില്‍ ദുബായിയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇയാള്‍ സ്വകാര്യ ടാക്‌സിയിലാണ് വീട്ടിലേക്ക് പോയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷത്തില്‍ കഴിഞ്ഞു. മാര്‍ച്ച് 29 ന് സ്വന്തം കാറില്‍ രാവിലെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കി തിരികെ വീട്ടില്‍ പോയി. നിലവില്‍ മഞ്ചേരി എംസിയില്‍ ഐസൊലേഷനിലാണ് ഇയാള്‍.

രോഗം സ്ഥിരീകരിച്ച എടപ്പാള്‍ സ്വദേശിയായ യുവാവ് മാര്‍ച്ച് 19 രാത്രി പത്തിനാണ് ഷാര്‍ജയില്‍ നിന്ന് ഐ എക്‌സ് 354 വിമാനത്തില്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ടാക്‌സിയില്‍ പന്താവൂര്‍ സ്വദേശിക്കൊപ്പം വീട്ടിലെത്തി സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. മാര്‍ച്ച് 30ന് 108 ആംബുലന്‍സില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സാമ്പിള്‍ നല്‍കി തിരികെ വീട്ടില്‍. റിസള്‍ട്ട് പോസിറ്റീവ് ആയതിനാല്‍ ഇന്ന് രാവിലെ മഞ്ചേരി എംസിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Exit mobile version