എങ്ങനെ സഹായിക്കുമെന്ന് ചോദിച്ചു, അപ്പോഴേക്കും ഒരു സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരും എനിക്കൊപ്പം സഹായത്തിനായി എത്തി; പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ബാല

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ആശ്രമത്തില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് സഹായം എത്തിച്ച് നല്‍കി നടന്‍ ബാല. ആവശ്യസാധങ്ങള്‍ എത്തിച്ച് നല്‍കാന്‍ ബാലയ്ക്ക് കൂട്ടായി കേരള പോലീസുമെത്തി. പോലീസിന്റെ മികച്ച സേവനത്തെ പ്രശംസിച്ചുകൊണ്ട് തന്റെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല ഇപ്പോള്‍.

”ലോക്ക് ഡൗണ്‍ കാലത്തെ നിയമങ്ങള്‍ നമുക്കെല്ലാം അറിയാം. പക്ഷെ, പാവപ്പെട്ടവര്‍ എന്തു ചെയ്യും. എനിക്ക് മാമംഗലം ആശ്രമത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നിരുന്നു. അവരുടെ കയ്യില്‍ ഒന്നുമില്ല. എന്തുചെയ്യണമെന്നും അറിയില്ല. കേട്ടപ്പോള്‍ ഭയങ്കര സങ്കടമായി. ഞാന്‍ ഉടന്‍ തന്നെ സിഐ വിജയ് ശങ്കറിനെ വിളിച്ചു. അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന് ചോദിച്ചു”വെന്ന് ബാല പറയുന്നു.

”ഉടന്‍ തന്നെ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഇത്രയും പേര്‍ വന്ന് സഹായിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. എല്ലാവര്‍ക്കും നന്ദി’, എന്നും ബാല കൂട്ടിച്ചേര്‍ത്തു. സഹായിക്കാനായി ഒരു സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും സഹായത്തിനായെത്തിയെന്നും അവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version