കൊറോണ ഡ്യൂട്ടി, വീട്ടില്‍ പോകാന്‍ കഴിയാതെ പോലീസുകാരന്‍; ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാള്‍ റോഡരികില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടും സ്വന്തക്കാരെയും ഉപേക്ഷിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് പോലീസുകാര്‍. കൊറോണക്കാലമായതോടെ വീട്ടിലേക്ക് പോകാനും മക്കളെയും സ്വന്തക്കാരെയും കാണാനും പലര്‍ക്കും കഴിയുന്നില്ല.

അത്തരത്തില്‍ മക്കളെ കാണാനും പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനും കൊറോണക്കാലം സമ്മതിക്കാത്തതിനാല്‍ മക്കളുടെ ഒന്നാം പിറന്നാള്‍ റോഡരികില്‍ നിന്നും ആഘോഷിച്ച ഒരു പോലീസുകാരന്റെ ദൃശ്യങ്ങളാണ് ഇന്ന് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉണ്‍മേഷാണ് തന്റെ ഇരട്ടക്കുട്ടികളുടെ പിറന്നാള്‍ റോഡരികില്‍ നിന്നും ആഘോഷിച്ചത്.

കേക്ക് മുറിച്ചായിരുന്നു ആഘോഷം. കൊറോണ പ്രതിരോധ ഡ്യൂട്ടികളുള്ളതിനാല്‍ കൊല്ലം സ്വദേശിയായ ഉണ്‍മേഷിന് നാട്ടിലേക്ക് പോകാനും കുട്ടികളെ കാണാനും കഴിഞ്ഞില്ല. ഉണ്‍മേഷിന്റെ മക്കളുടെ പിറന്നാളാണെന്ന് മനസ്സിലാക്കിയതോടെ
പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ. മേനോന്‍, ഉണ്‍മേഷിന്റെ അടുത്തെത്തുകയും ആഘോഷം ഡ്യൂട്ടിസ്ഥലത്തുതന്നെ നടത്തുവാന്‍ താത്പര്യം പ്രകടിപ്പിക്കുകയുമായിരുന്നു.

പുഴയ്ക്കല്‍ ശോഭാ സിറ്റിക്കു സമീപം വാഹനപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉണ്‍മേഷ് ഇക്കാര്യം സമ്മതിക്കുകയും സഹപ്രവര്‍ത്തകര്‍ക്ക് കേക്ക് മുറിച്ചുനല്‍കി പിറന്നാളാഘോഷിക്കുകയും ചെയ്തു. കുട്ടികളേയും ഭാര്യയേയും വീഡിയോകോളില്‍ വിളിച്ച ശേഷമായിരുന്നു കേക്ക് മുറി. ഈ വേറിട്ട ആഘോഷം സിറ്റി പോലീസാണ് ഔദ്യോഗിക ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോലീസുകാരന്റെ ഇരട്ടിക്കുട്ടികളുടെ പിറന്നാള്‍ ആഘോഷം റോഡരികില്‍

പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്‍മേഷിന്റെ ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാളായിരുന്നു ഇന്ന്. കോവിഡ് പ്രതിരോധ ഡ്യൂട്ടികളുള്ളതിനാല്‍ കൊല്ലം സ്വദേശിയായ ഉണ്‍മേഷിന് നാട്ടിലേക്ക് പോകാനും കുട്ടികളെ കാണാനും കഴിഞ്ഞില്ല. ഇക്കാര്യം മനസ്സിലാക്കിയ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ മേനോന്‍, പുഴയ്ക്കല്‍ ശോഭാ സിറ്റിയ്ക്കു സമീപം വാഹനപരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന ഉണ്‍മേഷിന്റെ അടുത്തെത്തുകയും ആഘോഷം ഡ്യൂട്ടി സ്ഥലത്തുതന്നെ നടത്തുവാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കുട്ടികളേയും ഭാര്യയേയും വീഡിയോകോളില്‍ വിളിച്ച്, റോഡരികില്‍ വെച്ച്, സഹപ്രവര്‍ത്തകര്‍ക്ക് കേക്ക് മുറിച്ചുനല്‍കി പിറന്നാളോഘോഷം അങ്ങനെ ഗംഭീരമായി.

Exit mobile version