പുതിയ കാര്‍ വാങ്ങിയ ആവേശത്തില്‍ റോഡിലിറങ്ങി, പോലീസിനെയും വട്ടംകറക്കി അതിവേഗത്തില്‍ പാഞ്ഞ റിയാസിനെ വാഹനം കുറകെയിട്ട് പിടികൂടി; വാഹനം നാട്ടുകാര്‍ തല്ലിതകര്‍ത്തു

തളിപ്പറമ്പ്: പുതിയ കാര്‍ വാങ്ങിയ ആവേശത്തില്‍ ലോക്ക് ഡൗണിനെയും കര്‍ശന നിയന്ത്രണങ്ങളും മറികടന്ന് നിരത്തിലിറങ്ങിയ ആലമ്പാടിയിലെ ടിഎച്ച് റിയാസിനെ പോലീസ് പിടികൂടി. റോഡിലൂടെ അതിവേഗത്തിലാണ് റിയാസ് കാര്‍ പായിച്ചത്. എല്ലാ വിലക്കുകളെയും മറികടന്ന് പ്രവര്‍ത്തിച്ച് റിയാസ് പോലീസിനെയും ഏറെ നേരം ചുറ്റിച്ചിരുന്നു. ഒടുവില്‍ വാഹനം കുറുകെയിട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്.

മാലൂരില്‍ നിന്നാണ് റിയാസിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം. പുതിയ കാര്‍ വാങ്ങിയശേഷം റോഡിലിറക്കാനാകാതെ വിഷമിച്ച റിയാസ് നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ല. രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ കാറിന് നമ്പരും ലഭിച്ചില്ല. വാഹനത്തിന്റെ അമിതവേഗംകണ്ട് വഴിയില്‍ കൈകാണിച്ച പോലീസുകാര്‍ക്കൊന്നും മുഖംകൊടുക്കാതെയായിരുന്നു റിയാസിന്റെ സഞ്ചാരം.

തളിപ്പറമ്പ് സംസ്ഥാനപാതയില്‍വെച്ചും പോലീസ് കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, നിര്‍ത്താതെപോയ കാര്‍ ആലക്കോട് ഭാഗത്തും പിന്നീട് പരിയാരം ഭാഗത്തും വട്ടംകറങ്ങി. ഒടുവില്‍ ശ്രീകണ്ഠപുരത്തേക്ക് യാത്രതുടര്‍ന്നു. ഇതിനിടെ തളിപ്പറമ്പില്‍നിന്ന് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. പോലീസുകാര്‍ മറ്റൊരു വാഹനത്തില്‍ റിയാസിനെ പിന്തുടരുകയും ചെയ്തു. ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും പോലീസ് കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മാലൂരില്‍ റോഡിനുകുറുകെ മറ്റൊരു വാഹനമിട്ട് റിയാസിനെ കുടുക്കുകയായിരുന്നു. സംഭവത്തില്‍ രോഷം പൂണ്ട് നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തല്ലിപൊളിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തില്‍ റിയാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version