പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശിയായ തൊഴിലാളി കൂടി അറസ്റ്റിൽ; ഗൂഢാലോചനയിൽ കൂടുതൽ അറസ്റ്റ് ഉടൻ

കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് അയക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ബംഗാൾ സ്വദേശിയായ അൻവറലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മൊബൈലിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. നേരത്തെ അറസ്റ്റിലായ മുഹമ്മദ് റിഞ്ജുവിനെതിരേയും സമാന കുറ്റമാണ് ചുമത്തിയിരുന്നത്.

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിർദേശങ്ങളെ മറികടന്നായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. സംഭവത്തിൽ ഗൂഢാലോചന നടത്തിയ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. പായിപ്പാട്ടെ ക്യാമ്പുകളിലെത്തി പോലീസ് കൂടുതൽ തെളിവെടുത്തിരുന്നു. കണ്ടാലറിയാവുന്ന രണ്ടായിരം പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളറിയാൻ ഐജി ശ്രീജിത്ത് പായിപ്പാടെത്തി. ക്യാമ്പുകളിൽ തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ തീരുന്നതുവരെ ആരും യാത്രചെയ്യരുതെന്നും ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഐജി ശ്രീജിത്ത് അറിയിച്ചു.

Exit mobile version