മുഖ്യമന്ത്രിയുടെ കടമയ്ക്ക് പുറമെ, കേരളത്തിന്റെ രക്ഷകര്‍തൃത്വം കൂടി ഏറ്റെടുത്തു; പെണ്‍കുട്ടികളെ സുരക്ഷിതമാക്കിയ മുഖ്യന് നന്ദി പറഞ്ഞും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തും അധ്യാപക ദമ്പതികള്‍

മലപ്പുറം: യാത്രയ്ക്കിടെ അര്‍ധരാത്രിയില്‍ വഴിയില്‍ കുടുങ്ങിയ 13 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങിയ സംഘത്തിനെ സുരക്ഷിതമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളക്കര കണ്ടതാണ്. ഇപ്പോള്‍ സംഭവത്തില്‍ നന്ദി പറഞ്ഞും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തും രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപക ദമ്പതികള്‍. ഒരു ലക്ഷം രൂപയാണ് ഇവര്‍ സംഭാവനയായി നല്‍കുന്നത്.

സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇവര്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. ആനമങ്ങാട്ടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയായ തൂത ഡിയുഎച്ച്എസ്എസ് അധ്യാപകന്‍ ബാലകൃഷ്ണന്‍, ആനമങ്ങാട് എഎല്‍പി സ്‌കൂള്‍ അധ്യാപിക ഗിരിജ എന്നിവരാണ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. മുഖ്യമന്ത്രിയുടെ കടമയ്ക്ക് പുറമെ കേരളത്തിന്റെ രക്ഷകര്‍തൃത്വം കൂടിയാണ് അദ്ദേഹം ഏറ്റെടുത്തതെന്ന് ഇവര്‍ കുറിച്ചു. ആദ്യ പ്രളയ ദുരിതാശ്വാസത്തിനായി ഇവര്‍ അരലക്ഷം രൂപയും രണ്ടാം തവണ ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു.

യാത്രക്കിടെ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വഴിയില്‍ അകപ്പെട്ട ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലെ ജീവനക്കാരായ 14 പേരടങ്ങുന്ന സംഘത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലില്‍ സുരക്ഷിതമായി വീട്ടിലെത്തിയത്.

Exit mobile version