കൊവിഡ് 19; കൊല്ലത്ത് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക പുതുക്കി, ഹൈ റിസ്‌ക് പട്ടികയിലുള്ളത് 101 പേര്‍

കൊല്ലം: കൊല്ലത്ത് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക പുതുക്കി. ഇതോടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 101 പേരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നേരത്തെ പുറത്തുവിട്ട പട്ടികയില്‍ 41 പേരായിരുന്നു ഹൈ റിസ്‌ക് പട്ടികയില്‍ ഉണ്ടായിരുന്നത്. കൂടാതെ 46 പേരെ ലോ റിസ്‌ക് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാക്കുളം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 36 പേരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച പത്ത് പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കും.

അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച യുവാവ് ബസ് സ്റ്റാന്‍ഡില്‍നിന്നും ഓട്ടോ റിക്ഷയിലാണ് വീട്ടിലേക്ക് പോയത്. എന്നാല്‍ ഇയാള്‍ സഞ്ചരിച്ച ഓട്ടോ ഏതാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. നിലവില്‍ 23 പേരാണ് കൊല്ലത്ത് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 17,023 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതും കൊല്ലം ജില്ലയിലാണ്.

Exit mobile version