രോഗം സ്ഥിരീകരിച്ചപ്പോള്‍ കുടുംബം തളര്‍ന്നു, പക്ഷേ ഞാന്‍ സ്‌ട്രോങ്ങായി നിന്നു, എല്ലാവരും മരണത്തിലേക്കാണല്ലോ പോകുന്നതെന്ന് തോന്നിയപ്പോള്‍ ആരും കാണാതിരിക്കാന്‍ ബാത്ത് റൂമില്‍ കയറി കരഞ്ഞു; കൊറോണ മോചിതനായ റോബിനും കുടുംബവും പറയുന്നു

കോട്ടയം: യുദ്ധം ചെയ്ത് ജയിച്ചു വന്ന ഒരു ഭടന്റെ മാനസികാവസ്ഥയിലാണ് തങ്ങളെന്ന് കൊറോണ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ റോബിനും റോബിനുവേണ്ടി പ്രാര്‍ത്ഥനയിലിലായിരുന്ന ഭാര്യ റീനയും പറയുന്നു. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെ മകളും മരുമകനുമാണ് റോബിനും റീനയും.

രോഗം ബാധിച്ച ആദ്യ നാളുകളില്‍ ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് തന്നെയാണ് വിചാരിച്ചത്. ഇറ്റലിയിലെയും ചൈനയിലെയും ഇറാനിലെയും മരണത്തിന്റെ കണക്കുകളും നമ്പറുകളുമാണ് സോഷ്യല്‍ മീഡിയകള്‍ വഴിയും പത്രത്തിലൂടെയും ദിവസേന അറിഞ്ഞുകൊണ്ടിരുന്നതെന്നും അതിനാല്‍ ഉള്ളിന്റെയുള്ളില്‍ സ്വഭാവികമായി പേടിയുണ്ടായിരുന്നുവെന്നും റോബിന്‍ പറയുന്നു.

ചില ഘട്ടത്തില്‍ മാനസിക നില തെറ്റിപ്പോകുമോ എന്നുപോലും തോന്നിയിരുന്നു. കുഞ്ഞിനെന്തെങ്കിലും മാനസിക ബുദ്ധിമുട്ടുണ്ടാകുമോ എന്നും പേടി തോന്നിയിരുന്നുവെന്നും പക്ഷേ എല്ലാം മറികടന്ന് ഈ രോഗത്തില്‍ നിന്ന് വിമുക്തി നേടാന്‍ സാധിച്ചുവെന്നും റോബിന്‍ ഒരു മാധ്യമത്തോടായി പറഞ്ഞു.

പക്ഷേ ആദ്യമൊക്കെ എല്ലാവരും തങ്ങളെ പേടിയോടെയാണ് കണ്ടത്. ഇപ്പോള്‍ എല്ലാവര്‍ക്കും ആ ഭയം മാറി. കടന്നുപോയ 20 ദിവസങ്ങള്‍ ഏറെ പ്രയാസമേറിയതായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും പറഞ്ഞാല്‍ തീരാത്തത്രയും നന്ദിയുണ്ടെന്നും അവര്‍ നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ലെന്നും റോബിനും റീനയും കടപ്പാടോടെ പറയുന്നു.

രോഗം സ്ഥിരീകരിച്ചപ്പോഴുണ്ടായത് ഒരു വല്ലാത്ത അവസ്ഥയായിരുന്നു. ഭാര്യ വളരെ വിഷമത്തിലായിരുന്നു. ഭാര്യയുടെ മാതാപിതാക്കളാണ് ഏറെ പഴികേട്ടത്. ഭാര്യയുടെ അമ്മ ഒരു ദിവസം വിളിച്ച് ഈ പ്രശ്‌നം തീരുമെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യാം എന്നുവരെ പറഞ്ഞിരുന്നു.

ഇങ്ങനെ ഒരു അവസ്ഥയില്‍ താന്‍ സ്‌ട്രോങ്ങായി നിന്നു. ആരും കാണാതിരിക്കാന്‍ ബാത്ത് റൂമില്‍ കയറി കരഞ്ഞിട്ടുണ്ടെന്നും റോബന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരും മരണത്തിലേക്കാണല്ലോ പോകുന്നത് എന്ന് പോലും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭാര്യയ്ക്കും ഭാര്യയുടെ കുടുബത്തിനും വേണ്ട പിന്തുണ ഫോണിലൂടെ നല്കികൊണ്ടിരുന്നു. അവരെല്ലാം അത്രയും മാനസികമായി തകര്‍ന്നിരുന്നു.

സോഷ്യല്‍ മീഡിയ വഴി അത്രയും അസഭ്യവര്‍ഷവും വിമര്‍ശങ്ങളുമായിരുന്നു. അങ്ങനെ ചെയ്തവരോട് വിരോധമൊന്നും ഇല്ല.കാരണം ഞങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രാര്‍ത്ഥിച്ചവരും ആഗ്രഹിച്ചവരും ഒരുപാടുണ്ട്..എന്റെ ചെങ്ങളം നാട്, എന്റെ സുഹൃത്തുക്കള്‍ അങ്ങനെ ഒരുപാട് പേര്. എല്ലാവരോടുള്ള നന്ദിപറയുന്നുവെന്നും റോബിന്‍ പറഞ്ഞു.

തന്റെ ഒരു അനുഭവത്തില്‍ നിന്നും പറയുകയാണ്, ഈ രോഗം മരണത്തിലേക്ക് തള്ളിവിടുന്ന ഒന്നായി എനിക്ക് തോന്നിയിട്ടില്ല അതുകൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും നമുക്കുവേണ്ടിയാണ് രാപ്പകലില്ലാതെ വര്‍ക്ക് ചെയ്യുന്ന സര്‍ക്കാരിനോടും ആരോഗ്യവകുപ്പിനോടും പൂര്‍ണമായും സഹകരിച്ച് ലോക്ക് ഡൗണില്‍ എല്ലാവരും പങ്കാളിയാകണമെന്നും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും റോബന്‍ പറഞ്ഞു.

Exit mobile version