തെരുവിലെ മൃഗങ്ങൾക്കും കാവുകളിലെ കുരങ്ങൻമാർക്കും ഭക്ഷണം എത്തിക്കണമെന്ന് മുഖ്യമന്ത്രി; കോഴിക്കോട്ടെ തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ നിർദേശിച്ച് സിറ്റി കമ്മീഷണർ

കോഴിക്കോട്: സംസ്ഥാനം ഒന്നാകെ ലോക്ക് ഡൗണിലായതോടെ മനുഷ്യർ മാത്രമല്ല, പട്ടിണിയിലാകുന്ന മൃഗങ്ങളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് ഏറ്റെടുത്ത് കേരളക്കര. പട്ടിണിയിലായ തെരുവുനായകൾക്ക് ഭക്ഷണം എത്തിച്ചു നൽകാൻ കോഴിക്കോട് സിറ്റി കമ്മീഷണർ എവി ജോർജ് നിർദേശിച്ചു.

കഴിഞ്ഞദിവസമാണ് ഭക്ഷണം കിട്ടാതെ തെരുവുനായകൾ അക്രമാസക്തരാവുമെന്നും അവയ്ക്ക് ഭക്ഷണമെത്തിക്കാൻ സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചത്. ലോക്ക് ഡൗൺ മൂലം അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നതിനാൽ വളർത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുകൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ജനങ്ങൾ വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ തെരുവുനായകൾക്ക് ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അവയ്ക്ക് ഭക്ഷണം എത്തിച്ചു നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ കാവുകളിലെ കുരങ്ങുകൾക്കും ഇതേ രീതിയിൽ സഹായം എത്തിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്

Exit mobile version