കൊറോണ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് 1.25 കോടിരൂപ സംഭാവന നല്‍കി അല്ലു അര്‍ജുന്‍

ഹൈദരാബാദ്: കൊറോണ ഭീഷണിയില്‍ കഴിയുകയാണ് രാജ്യം. വൈറസിനെ തുടച്ചു നീക്കുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതിനിടെ കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്നുപോകാതിരിക്കാന്‍ സമൂഹത്തിന്റെ പല മേഖലകളില്‍ നിന്നും സാമ്പത്തികമായും അല്ലാതെയുമുള്ള സഹായങ്ങളും എത്തുന്നുമുണ്ട്.

അത്തരത്തില്‍ കൊറോണ പ്രതിരോധിക്കുന്നതിനായി സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടന്‍ അല്ലു അര്‍ജുന്‍. ആന്ധ്ര, തെലങ്കാന, കേരള മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് അല്ലു അര്‍ജുന്‍ സഹായം നല്‍കുമെന്ന് അറിയിച്ചത്. ഈ സംസ്ഥാനങ്ങള്‍ക്ക് 1.25 കോടിയാണ് അല്ലു സംഭാവന ചെയ്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് അന്‍പത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കും സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നതായി താരം പറഞ്ഞത്.

‘കൊറോണ നിരവധി ജീവിതങ്ങളെ തകര്‍ത്തു. ഈ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ്,തെലങ്കാന,കേരള സംസ്ഥാനങ്ങള്‍ക്കായി 1.25 കോടി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ തീര്‍ച്ചയായും ഈ മഹാമാരിയെ മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു” ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ അല്ലു അര്‍ജുന്‍ പറഞ്ഞു.

നേരത്തെയും കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് താരം തുക കൈമാറിയത്.

Exit mobile version