ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉടനെ ഉണ്ടാകില്ല; എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഉടന്‍ ഉണ്ടാകില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്തെ ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിയതോടെ ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അബ്കാരി ചട്ടമടക്കമുള്ള ഭേദഗതികള്‍ വേണ്ടതിനാലാണ് ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പന പ്രായോഗികമല്ലെന്ന വിലയിരുത്തലിലേക്ക് എക്‌സൈസ് വകുപ്പ് എത്തിയത്.

അതെസമയം പൂര്‍ണ്ണ മദ്യ നിരോധനം സാമൂഹിക വിപത്തിലേക്ക് പോകുമോ എന്ന ആശങ്കയാണ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പ്രകടിപ്പിച്ചത്. വിഷയം വലിയ സാമൂഹിക പ്രശ്‌നമായി മാറുമോ എന്ന ഭയാശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകരും ഉന്നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മദ്യം ലഭിക്കാത്തത് കൊവിഡിനേക്കാള്‍ വലിയ പ്രശ്‌നമാകുമോ എന്നാണ് ആശങ്കയുള്ളത്. മദ്യഷാപ്പുകള്‍ അടച്ചത് പുതിയ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് അവലോകന യോഗത്തില്‍ ബോധ്യപ്പെട്ടത്. പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതാനും പേരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റി. വളരെ ഗൗരവമേറിയ പ്രശ്‌നാണ് ഇതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവന്നു സംസ്ഥാനത്ത് വില്‍ക്കാന്‍ ശ്രമിച്ച 11.8 ലീറ്റര്‍ മദ്യം എക്‌സൈസ് പിടികൂടി. 48 കുപ്പികളിലായാണ് മദ്യം കൊണ്ടു വന്നത്. ബാറും ഔട്ട്‌ലെറ്റുകളും പൂട്ടിയതോടെ എക്‌സൈസ് വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

Exit mobile version