കൊവിഡ് ഭീതി നിലനില്‍ക്കുമ്പോഴും സംസ്ഥാനത്ത് സജീവമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ നിന്നും പിടിച്ചെടുത്തത് നാലര കിലോയോളം സ്വര്‍ണ്ണം

കൊണ്ടോട്ടി: സംസ്ഥാനം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോഴും സജീവമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍. കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച നാല് പേരെ കസ്റ്റംസ് പിടികൂടി. ഗള്‍ഫില്‍ നിന്നെത്തിയ അവസാന വിമാനങ്ങളില്‍ വന്നവരില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത് നാലരക്കിലോയോളം സ്വര്‍ണമാണ്.

കഴിഞ്ഞ ആഴ്ചയിലെ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ ബഹ്‌റൈന്‍, ദുബായ് എന്നിവടങ്ങളില്‍ നിന്നെത്തിയ നാലു യാത്രക്കാര്‍ ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി ജംഷിദ്, വട്ടോളി ബസാര്‍ സ്വദേശി ജാസില്‍ എന്നിവരില്‍ നിന്ന് 1.5 കിലോ സ്വര്‍ണ മിശ്രിതമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഇരുവരും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

ഞായറാഴ്ച ഇത്തിഹാദ് വിമാനത്തില്‍ അബൂദാബിയില്‍ നിന്ന് വന്ന രണ്ട് പേരില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. മലപ്പുറം കട്ടുപ്പാറ നിയാസ്, കോഴിക്കോട് കല്ലായ് റാഷിദ് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിച്ചത്. നിയാസില്‍ നിന്ന് 815 ഗ്രാം സ്വര്‍ണവും റാഷിദില്‍ നിന്നു 1,197 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്.

ബഹ്‌റൈനില്‍ നിന്ന് കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തിന്റെ 1.36 കിലോഗ്രാം സ്വര്‍ണം കോഴിക്കോട് പ്രീവന്റീവ് കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ജിജിന്‍ലാലില്‍ നിന്നു 690 ഗ്രാമും നടുവണ്ണൂര്‍ സ്വദേശി ചെറുകുന്നുമ്മല്‍ ഷാനിദില്‍ നിന്നു 670 ഗ്രാമുമാണ് പിടിച്ചത്.

Exit mobile version