ദൈവങ്ങള്‍ക്കൊപ്പം കാണേണ്ടവരെ ഇനിയും പ്രതിരോധത്തിലാക്കാതിരിക്കൂ, നിര്‍ദേശങ്ങള്‍ പാലിക്കൂ; കൊറോണ ഭീതിക്കിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു ഫോട്ടോ

തൃശ്ശൂര്‍: ഭീഷണിയുയര്‍ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് കേരളം. യഥാസമയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേരളത്തിന് കാവല്‍ നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്ന മറ്റൊരു കൂട്ടര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അവധിയെടുക്കാതെയും അധികസമയം ജോലി ചെയ്തും മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഇവര്‍.

സ്വന്തം ജീവന്‍ പോലും മറന്നാണ് പലരും പ്രവര്‍ത്തിക്കുന്നത്. ജോലി ചെയ്യുന്നതിനിടെ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാറില്ല. കൂടാതെ പല സന്ദര്‍ഭങ്ങളിലും ഉറ്റവരെ പിരിഞ്ഞിരുന്നുമൊക്കെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. സ്വയം സമര്‍പ്പിച്ചുകൊണ്ട് ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാം നന്ദി പറയേണ്ടത് തന്നെയാണ്.

ഇത്തരത്തില്‍, സമൂഹത്തിനു വേണ്ടി സ്വയം മറന്നുപ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ഗോകുല്‍ദാസ് കെഎസ് എന്ന ഫോട്ടോഗ്രാഫറുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഒരു ശില്‍പി, ശില്‍പം നിര്‍മിക്കുന്നതാണ് ഫോട്ടോ. വെള്ളക്കോട്ടും സ്റ്റെതസ്‌കോപ്പും മുഖാവരണവും ധരിച്ച് ചിരിക്കുന്ന യുവതിയുടേതാണ് ശില്‍പത്തിന്റെ മുഖം. ഈ ശില്പത്തിനു പിന്നിലായി പല വിഗ്രഹങ്ങളും കാണാം.

ഇത്തരം സാഹചര്യത്തില്‍ ദൈവ തുല്യരാണ് ആരോഗ്യപ്രവര്‍ത്തകരെന്നും അവരെ നാം ഒരു കാരണവശാലും പ്രതിരോധത്തിലാക്കരുതെന്നും ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

വലിയ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാണവര്‍ നമ്മോട് ചിരിക്കുന്നത്. ദൈവങ്ങള്‍ക്കൊപ്പം കാണേണ്ട വരെ ഇനിയും പ്രതിരോധത്തിലാക്കാതിരിക്കൂ. നമ്മുടെ ഉത്തരവാദിത്തം നമ്മള്‍ ഏറ്റെടുക്കൂ. ഗവണ്മെന്റിന്റേയും, ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കൂ..നമ്മള്‍ അതിജീവിക്കും.- എന്ന കുറിപ്പും ചിത്രത്തിനൊപ്പം ഗോകുല്‍ദാസ് പങ്കുവെച്ചിട്ടുണ്ട്

Exit mobile version