ഒരു ഭാഗത്ത് കൊറോണ ഭീതി, വിലക്ക് ലംഘിച്ച് മറുഭാഗത്ത് നൂറിലേറെ പേരെ പങ്കെടുപ്പിച്ച് കുര്‍ബാന; വികാരി അറസ്റ്റില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് കേരളം. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കി സര്‍ക്കാരും അധികൃതരും കൊറോണയെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ്. നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുകയാണ്.

അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഈ കൊറോണ ഭീതിയ്ക്കിടെ തൃശ്ശൂരില്‍ നിന്നും വരുന്നത്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിശ്വാസികളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പളളി വികാരിയെയാണ് അറസ്റ്റ് ചെയ്തത്.

നിര്‍ദേശങ്ങള്‍ പാലിക്കാതെ കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നൂറിലേറെ പേരാണ് കുര്‍ബാനയില്‍ പങ്കെടുത്തത്. പൊതുസമ്മേളനങ്ങളും ജനങ്ങള്‍ ഒന്നിച്ചുകൂടാന്‍ സാധ്യതയുളള പരിപാടികളും നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്.

ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്കിയിരുന്നു. അതിനിടെയാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയത്. വിദേശത്തു നിന്നെത്തിയ വിവരം മറച്ചുവെച്ച് വയനാട്ടിലെ ഹോം സ്‌റ്റേയില്‍ താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് അധികൃതരെയും കൊറോണ ഭീതിയില്‍ കഴിയുന്ന ജനങ്ങളെയും ആശങ്കയിലാക്കുന്നു.

Exit mobile version