‘അഭിമാനത്തോടെ എല്ലാം സഹിക്കും’;ദുബായില്‍ നിന്ന് നാട്ടിലെത്തി സ്വയം ഐസ്വാലേഷനില്‍ കഴിയുന്ന യുവാവ് പറയുന്നു

പൊന്നാനി: കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ദുബായില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി സവാദ് കഴിഞ്ഞ 4 ദിവസമായി സ്വയം ഐസ്വോലേഷനില്‍ കഴിയുന്നത് മാതൃകയാവുന്നു.പല പ്രവാസികളും അധികൃതരെ കബളിപ്പിക്കുമ്പോഴാണ് ഈ യുവാവ് സര്‍ക്കാര്‍ നിര്‍ദ്ധേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് മാതൃകയാവുന്നത്. അഭിമാനത്തോടെ എല്ലാം സഹിക്കുമെന്നാണ് യുവാവിന്റെ വാക്ക്.

ദുബായില്‍ നിന്നും മാര്‍ച്ച് 19 ന് രാത്രി 9.45 നു പുറപ്പെടുന്ന എമിറൈറ്റ്‌സ് ഫ്‌ലൈറ്റിലാണ് സവാദ് നാട്ടിലെത്തിയത്. തുടര്‍ന്നു 4 മണിക്ക് പുറത്തിറങ്ങി. വീട്ടില്‍ രാവിലെ 6 മണിക്ക് എത്തിചേര്‍ന്നു. യാത്രയില്‍ ഉടനീളം മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിച്ചിരുന്നു.

വീട്ടില്‍ എത്തിയ ഉടനെ തന്നെ മുകളില്‍ പ്രത്യേകം ഒരുക്കിയ മുറിയില്‍ താമസം തുടങ്ങുകയായിരുന്നു. എല്ലാ നേരവും ഭക്ഷണം ഡിസ്‌പോസിബിള്‍ പ്ലേറ്റില്‍ റൂമിന് പുറത്തു വീട്ടുകാര്‍ കൊണ്ടു വന്നു വെക്കും.. എല്ലാവരോടും കൃത്യമായ അകലം പാലിക്കാനും യുവാവ് ശ്രദ്ധിക്കുന്നുണ്ട്. എത്തിയ ഉടനെ തന്നെ ആരോഗ്യ വകുപ്പിന്റെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചിരുന്നു. എല്ലാവരോടും സന്ദര്‍ശനം വിലക്കി..ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഇടയ്ക്കു വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് സവാദ് പറയുന്നു.

14 ദിവസത്തെ നിരീക്ഷണമാണ്. ഉറങ്ങാനും വായിക്കാനും സമയം കിട്ടാത്ത ഇപ്പോള്‍ ഇഷ്ട്ടം പോലെ സമയം കിട്ടുന്നുണ്ടെന്നാണ് സവാദ് സാക്ഷ്യപ്പെടുത്തുന്നത്. ഒരു പ്രവാസിക്ക് നാട്ടിലുള്ള ഓരോ ദിവസവും വിലപ്പെട്ടതാണെങ്കിലും അവനവന്റെ സന്തോഷം മാത്രം നോക്കിയാല്‍ പോരല്ലോ. നമ്മള്‍ ഓരോരുത്തരും മനസ്സു വെച്ചാലേ ലോകം മുഴുവന്‍ കീഴടക്കി കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാ വിപത്തിനെ നമുക്ക് ഇല്ലായ്മ ചെയ്യാന്‍ പറ്റൂവെന്ന് സവാദ് മറ്റുള്ളവരെ ഓര്‍മിപ്പിക്കുന്നു.

കേരള സര്‍ക്കാരിനെ പോലെ ഈ സമയത്തു ഇത്രയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സര്‍ക്കാര്‍ ലോകത്തു വേറെ എവിടെയും ഉണ്ടാകില്ലന്നാണ് സവാദിന്റെ സാക്ഷ്യപ്പെടുത്തല്‍. ആരോഗ്യ വകുപ്പിനെ എത്ര പ്രശംസിച്ചാലും അധികമാകില്ല. നമുക്ക് വേണ്ടി സ്വന്തം ജീവന്‍ മറന്നു പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ നമ്മള്‍ ഒരിക്കലും മറന്നുകൂടെന്ന് സവാദ് ഓര്‍മിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

Exit mobile version