ദയവായി 6 മുതൽ 12 മണിക്കൂർ മാത്രമേ വൈറസ് അതിജീവിക്കൂ എന്ന് നുണ പ്രചരണം നടത്തരുത്; ജനങ്ങളുടെ ജീവനപഹരിക്കരുത്: അഭ്യർത്ഥിച്ച് ഡോ. ജിനേഷ് പിഎസ്

ദയവായി 6 മുതൽ 12 മണിക്കൂർ മാത്രമേ വൈറസ് അതിജീവിക്കൂ എന്ന് നുണ പ്രചരണം നടത്തരുത്; ജനങ്ങളുടെ ജീവനപഹരിക്കരുത്: അഭ്യർത്ഥിച്ച് ഡോ. ജിനേഷ് പിഎസ്
തൃശ്ശൂർ: പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരെ ഡോ. ജിനേഷ് പിഎസ്. കൊറോണ വൈറസ് വായുവിൽ മണിക്കൂറുകൾ മാത്രമെ തങ്ങി നിൽക്കൂവെന്നത് അസത്യ പ്രചരണമാണെന്ന് ഡോക്ടർ വിശദീകരിക്കുന്നു. 12 മണിക്കൂർ വീടിന് വെളിയിൽ ഇറങ്ങാതിരുന്നാൽ പൊതുഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാൽ 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നും ഉള്ള നുണ പ്രചരണം നടത്തരുത്. 6 മുതൽ 12 മണിക്കൂർ മാത്രമേ വൈറസ് അതിജീവിക്കൂ എന്ന് നുണ പ്രചരണം ദയവുചെയ്ത് നടത്തരുതെന്ന് ജിനേഷ് അഭ്യർത്ഥിക്കുന്നു.

ഡോ. ജിനേഷ് പിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ദയവുചെയ്ത് നുണ പ്രചരണം നടത്തരുത്, ഒരു അഭ്യർത്ഥനയാണ്. 12 മണിക്കൂർ വീടിന് വെളിയിൽ ഇറങ്ങാതിരുന്നാൽ പൊതുഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാൽ 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നും ഉള്ള നുണ പ്രചരണം നടത്തരുത്. 6 മുതൽ 12 മണിക്കൂർ മാത്രമേ വൈറസ് അതിജീവിക്കൂ എന്ന് നുണ പ്രചരണം ദയവുചെയ്ത് നടത്തരുത്.

ഇതൊക്കെ വിശ്വസിക്കുന്ന ചിലരെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ, വ്യക്തിശുചിത്വം പാലിക്കുന്നതിൽ ഉപേക്ഷ വിചാരിച്ചാൽ, വളരെ വലിയൊരു ദുരന്തമാകും നമ്മെ കാത്തിരിക്കുക.

കൊറോണ വൈറസ് ശരീരത്തിന് പുറത്ത് അധികം സമയമൊന്നും അതിജീവിക്കില്ല എങ്കിലും കുറച്ചു മണിക്കൂറുകൾ ചിലപ്പോൾ ഏതാനും ദിവസങ്ങൾ ഒക്കെ അതിജീവിക്കാൻ അതിന് കഴിയും. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും അതിജീവിക്കാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാൽ എപ്പോഴും അത്രയും സമയം അതിജീവിക്കും എന്നല്ല. ചില സാഹചര്യങ്ങളിൽ പരമാവധി അത്രയും സമയം അതിജീവിക്കാം എന്നാണ്. ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

എന്തായാലും താരതമ്യേന പുതിയ വൈറസ് ആണ്. പഠനങ്ങൾ നടക്കുന്നതേയുള്ളൂ. പഠന വിധേയമാക്കാത്ത അനുമാനങ്ങൾ തള്ളിക്കളയുക. ദയവുചെയ്ത് ഇത്തരം നുണകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ ജീവൻ അപഹരിക്കരുത്.

14 മണിക്കൂർ ലോക്ക് ഡൗൺ നടത്തിക്കോള്ളൂ… പല രാജ്യങ്ങളിലും ലോക്ക് ഡൗൺ നടക്കുന്നുണ്ട്. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ രണ്ടര ദിവസം കർഫ്യൂ നടന്നുകൊണ്ടിരിക്കുകയാണ്. നൂറു കേസുകൾ പോലും വരാത്ത ഒരു രാജ്യം കർഫ്യൂ നടത്തുന്നു. ആയിരക്കണക്കിന് കേസുകൾ വന്ന പല രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്തു കഴിഞ്ഞു. ദയവുചെയ്ത് നുണ പ്രചരണം നടത്തി, അശാസ്ത്രീയത പ്രചരിപ്പിച്ചുകൊണ്ട് ഇതൊന്നും ചെയ്യരുത്.

ഗോമൂത്രവും ചാണകവും ഈ വൈറസിനെതിരെ ഔഷധമാണ് എന്നു വിശ്വസിച്ച ജനങ്ങൾ പോലുമുള്ള രാജ്യമാണ്. മത/വിശ്വാസങ്ങളിൽ/അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന ധാരാളം പേർ ഉള്ള രാജ്യമാണ്. അവരെ കൊലയ്ക്ക് കൊടുക്കരുത്.

Exit mobile version