കൊവിഡ്: സമൂഹ വ്യാപനം തടയാന്‍ തീവ്ര ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കനത്ത നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത നടപടിയിലേക്ക് സംസ്ഥാനം. കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരും രോഗബാധ സംശയിക്കുന്നവരും ആശുപത്രിയില്‍ പ്രവേശിക്കാനോ നിരീക്ഷണത്തില്‍ കഴിയാനോ വിസമ്മതിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ് വിജ്ഞാപനമിറക്കി.

കൂടാതെ, രോഗബാധ സംശയിക്കുന്ന പ്രദേശങ്ങള്‍ അടച്ചിടുക, രോഗബാധിത മേഖലയില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തുക, രോഗികളെ പാര്‍പ്പിക്കാന്‍ സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയവയ്ക്ക് ജില്ലാ ഭരണാധികാരികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കനത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

വിദേശത്തുനിന്നെത്തിയവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ല. ഇതുവരെ അഭ്യര്‍ത്ഥനയാണ് നടത്തിയത്. ഇനി മുതല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമൂഹവ്യാപനത്തിലേക്ക് നീങ്ങുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ ഭരണകൂടത്തിന് പ്രത്യേക അധികാരം നല്‍കിയത്.

Exit mobile version