പന്ത്രണ്ട് മണിക്കൂര്‍ വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമോ? സന്ദേശം പ്രചരിപ്പിക്കും മുന്‍പ് നിങ്ങള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

തൃശ്ശൂര്‍: പന്ത്രണ്ട് മണിക്കൂര്‍ വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും, അതിനാല്‍ പതിനാല് മണിക്കൂര്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പരിസരത്തുള്ള വൈറസ് നശിച്ചിട്ടുണ്ടാകും എന്ന സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി എല്ലാവരുടെയും ഫോണുകളില്‍ എത്തിയിട്ടുണ്ടാകും. പ്രധാന മന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ഈ സന്ദേശം വ്യാപകമായി പ്രചരിച്ചത്. പലരും അത് മറ്റൊരാള്‍ക്ക് അയക്കുകയോ പറയുകയോ ചെയ്തിട്ടുണ്ടാകാം. എന്നാള്‍ 12 മണിക്കൂര്‍ കഴിഞ്ഞാല്‍ കൊറോണ വൈറസ് ശരിക്കും നശിക്കുമോ?.

12 മണിക്കൂര്‍ വീടിനു വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും, 6 മുതല്‍ 12 മണിക്കൂര്‍ മാത്രമേ വൈറസ് ശരീരത്തിന് പുറത്ത് അതിജീവിക്കൂ എന്ന വാദം ശരിയല്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടറായ മനോജ് വെള്ളനാടും ഇന്‍ഫോ ക്ലിനിക്ക് സ്ഥാപകനായ ജിനേഷ് പിഎസും ചേര്‍ന്ന് എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് 12 മണിക്കൂര്‍ വീടിനു വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്ന വാദം തെറ്റാണെന്ന് പറയുന്നത്.

12 മണിക്കൂര്‍ വീടിനു വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാല്‍ 14 മണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നുമുള്ള പ്രചരണം നടത്തരുത്. അത് വാസ്തവ വിരുദ്ധമാണ്. 6 മുതല്‍ 12 മണിക്കൂര്‍ മാത്രമേ വൈറസ് ശരീരത്തിന് പുറത്ത് അതിജീവിക്കൂ എന്ന വാദം ശരിയല്ലാ.

14 മണിക്കൂര്‍ കര്‍ഫ്യൂ/നിയന്ത്രണം വിജയിപ്പിക്കാന്‍ ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ. ഇതൊക്കെ വിശ്വസിക്കുന്ന ചിലരെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍, വ്യക്തിശുചിത്വം പാലിക്കുന്നതില്‍ ഉപേക്ഷ വിചാരിച്ചാല്‍, വളരെ വലിയൊരു ദുരന്തമാകും നമ്മെ കാത്തിരിക്കുക.- മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

12 മണിക്കൂര്‍ വീടിനു വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാല്‍ 14 മണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നുമുള്ള പ്രചരണം നടത്തരുത്. അത് വാസ്തവ വിരുദ്ധമാണ്. 6 മുതല്‍ 12 മണിക്കൂര്‍ മാത്രമേ വൈറസ് ശരീരത്തിന് പുറത്ത് അതിജീവിക്കൂ എന്ന വാദം ശരിയല്ലാ.

14 മണിക്കൂര്‍ കര്‍ഫ്യൂ/നിയന്ത്രണം വിജയിപ്പിക്കാന്‍ ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ. ഇതൊക്കെ വിശ്വസിക്കുന്ന ചിലരെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍, വ്യക്തിശുചിത്വം പാലിക്കുന്നതില്‍ ഉപേക്ഷ വിചാരിച്ചാല്‍, വളരെ വലിയൊരു ദുരന്തമാകും നമ്മെ കാത്തിരിക്കുക.

കൊറോണ വൈറസ് ശരീരത്തിന് പുറത്ത് അധികം സമയമൊന്നും അതിജീവിക്കില്ല എങ്കിലും കുറച്ചു മണിക്കൂറുകള്‍, ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ ഒക്കെ അതിജീവിക്കാന്‍ അതിന് കഴിയും. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളില്‍, ചെമ്പ് പ്രതലങ്ങളില്‍ നാല് മണിക്കൂറും, കാര്‍ഡ് ബോര്‍ഡില്‍ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീല്‍ പ്രതലങ്ങളില്‍ 3 ദിവസത്തോളവും അതിജീവിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാല്‍ എപ്പോഴും അത്രയും സമയം അതിജീവിക്കും എന്നല്ല. ചില സാഹചര്യങ്ങളില്‍ പരമാവധി അത്രയും സമയം അതിജീവിക്കാം എന്നാണ്. ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

എന്തായാലും താരതമ്യേന പുതിയ വൈറസ് ആണ്. പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. പഠന വിധേയമാക്കാത്ത അനുമാനങ്ങള്‍ തള്ളിക്കളയുക.
അതുകൊണ്ട് ദയവുചെയ്ത് ഇത്തരം നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ ജീവന്‍ അപഹരിക്കരുത്.

പല രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ നടക്കുന്നുണ്ട്. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ രണ്ടര ദിവസം കര്‍ഫ്യൂ നടന്നുകൊണ്ടിരിക്കുകയാണ്. നൂറു കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു രാജ്യമാണ് ശ്രീലങ്ക. ആയിരക്കണക്കിന് കേസുകള്‍ വന്ന പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ ചെയ്തു കഴിഞ്ഞു. പല രാജ്യങ്ങളിലും പ്രത്യേക പ്രദേശങ്ങളില്‍ കര്‍ഫ്യൂ നടക്കുന്നുണ്ട്.

അതൊന്നും കൊറോണ വൈറസിന്റെ ഏതെങ്കിലും പ്രത്യേക സ്വഭാവം നോക്കിയിട്ടല്ലാ. അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ആയതുകൊണ്ടാണ്. അതുകൊണ്ട് ദയവുചെയ്ത് നുണ പ്രചരണം നടത്തി, അശാസ്ത്രീയത പ്രചരിപ്പിച്ചുകൊണ്ട് ഇതൊന്നും ചെയ്യരുത്.

മാത്രമല്ലാ, ഇന്ത്യയില്‍ കൊവിഡ് 19 അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതേയുള്ളൂ. പ്രതിരോധിക്കാന്‍ വളരെ ശക്തമായ നടപടികള്‍ തന്നെ ചിലപ്പോള്‍ വേണ്ടിവന്നേക്കാം. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരം വ്യാജസന്ദേശങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത് ജനങ്ങളില്‍ അകാരണമായ സംശയം സൃഷ്ടിക്കുകയും ചെയ്യും. അത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാം.

ഗോമൂത്രവും ചാണകവും ഈ വൈറസിനെതിരെ ഔഷധമാണ് എന്നു വിശ്വസിച്ച ജനങ്ങള്‍ പോലുമുള്ള രാജ്യമാണ്. മതവിശ്വാസങ്ങളില്‍ /അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്ന ധാരാളം പേര്‍ ഉള്ള രാജ്യമാണ്. അവരെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കരുത്. അവര്‍ കൂടി ഉള്‍പ്പെട്ട ‘നമ്മളുടെ’ പരാജയം ആകുമത്.

ഇത് എല്ലാവരും, ഇന്ത്യക്കാര്‍ മാത്രമല്ലാ, ലോകജനത മുഴുവന്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ, ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ട, പൊരുതുന്ന യുദ്ധമാണ്. അവിടെ കണ്‍ഫ്യൂഷന്‍സൊന്നുമില്ലാതെ നമുക്കൊന്നിച്ച് നില്‍ക്കാം …

എഴുതിയത്: Dr. Jinesh PS & Dr. Manoj Vellanad
Info Clinic

Exit mobile version