ഇന്ന് 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 52 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 52 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ ഗള്‍ഫില്‍ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് 6 പേര്‍ക്കും കണ്ണൂര്‍ 3 പേര്‍ക്കും എറണാകുളം 3 പേര്‍ക്കും ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു. കാസര്‍കോട്ടുകാരന്‍ കാട്ടിയത് നിരുത്തരവാദപരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ചോദ്യം ചെയ്തിട്ടും അയാള്‍ കാര്യം പറയാത്തത് ദുരൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഇത്തരക്കാര്‍ക്ക് ആരും പിന്തുണ നല്‍കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് കൊറോണ വൈറസ് സമൂഹ വ്യാപനമായിട്ടില്ല. ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയവരാണെന്നും അവരുടെ ബന്ധുക്കളുമാണെന്നും അദ്ദേഹം പറയുന്നു. രോഗവുമായി വന്നവരാണ് ഇവരെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒപ്പം ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുവെന്നും വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version