എറണാകുളത്ത് രോഗമില്ലാത്ത ബ്രിട്ടീഷുകാരെ തിരിച്ചയയ്ക്കും; രോഗം സ്ഥിരീകരിച്ച വിദേശിയുടെ നില തൃപ്തികരമല്ലെന്ന് ഡോക്ടർ; എറണാകുളത്ത് സ്വകാര്യ ആശുപത്രികളും പ്രതിരോധ പ്രവർത്തനങ്ങൾക്ക്

കൊച്ചി: എറണാകുളം ജില്ലയിൽ കഴിയുന്ന അഞ്ച് വിദേശികൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന് സർക്കാർ. ഇന്ന് മുതൽ ജില്ലയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും റോഡ് മാർഗവും ട്രെയിനിലും ജില്ലയിലെത്തിയവരെ സിട്രാക്കർ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തും. ജില്ലയിലെ സ്വകാര്യ ആശുപത്രികളും പ്രതിരോധപ്രവർത്തനങ്ങളോട് സഹകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, രോഗമില്ലെന്ന് തെളിഞ്ഞ ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചയക്കാൻ നടപടി തുടങ്ങി. എറണാകുളം ജില്ലയിൽ 9 പേർക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിൽ ആദ്യം രോഗം സ്ഥിരീകരിച്ച 57കാരനായ ഇംഗ്ലണ്ടുകാരന്റെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന അഞ്ച് ലണ്ടൻ പൗരന്മാർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രോഗമില്ലെന്ന് തെളിഞ്ഞ മറ്റ് 12 പേരെ ഇംഗ്ലണ്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

ആകെ 4196 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 28 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. 33 പേരുടെ പരിശോധനാ ഫലം ഇന്ന് കിട്ടും. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ, ജില്ലയിൽ അധികമായി 6 ഐസലോഷൻ വാർഡുകളും 94 പേരെ ചികിത്സിക്കാവുന്ന ഐസിയുവും സജ്ജമാക്കും.

Exit mobile version