കൊവിഡ്: കാസര്‍കോട് കര്‍ശന നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും, കടകളും ആരാധനാലയങ്ങളും അടച്ചിടണം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ആദ്യം കൊവിഡ് സ്ഥിരീകരിച്ചയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും, പൊതുപരുപാടികളില്‍ പങ്കെടുത്തിരുന്നെന്നും അതിനാല്‍ രോഗവ്യാപനത്തിന്റെ സാധ്യത കാസര്‍കോട് ജില്ലയില്‍ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യം കണക്കിലെടുത്ത് കാസര്‍കോട് ജില്ലയില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. കൂടാതെ രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രം തുറക്കും. ജില്ലയിലെ ക്ലബ്ബുകള്‍ അടച്ചിടണം. ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കണം. ജില്ലയില്‍ ജുമ നമസ്‌കാരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version