പ്രതിപക്ഷം ബഹളം വെക്കേണ്ട; സർക്കാർ അനുകൂലിക്കേണ്ട; സോഷ്യൽ ഡിസ്റ്റൻസിങ് അക്ഷരംപ്രതി അനുസരിച്ച് മദ്യം വാങ്ങാനെത്തിയവർ; എത്ര ലൈക്ക് കൂട്ടുകാരേ എന്ന് അഭിനന്ദിച്ച് സോഷ്യൽമീഡിയ

തലശ്ശേരി: കൊറോണ വൈറസ് പടരുന്നത് തടയാനായി സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ളവ പാലിക്കണമെന്ന് സർക്കാർ പറയുമ്പോൾ അക്ഷരംപ്രതി പാലിച്ച് ‘മാതൃകയായി’ സംസ്ഥാനത്തെ മദ്യം വാങ്ങാനെത്തുന്നവർ. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ തിക്കിതിരക്കാതെ വളരെ കുറച്ച് ആളുകളായി ഒരു മീറ്ററും ഒന്നര മീറ്ററും അകലത്തിൽ ക്യൂവിൽ നിന്ന് മദ്യം വാങ്ങാൻ നിലയുറപ്പിച്ചാണ് ഇവർ പുതിയ സന്ദേശം നൽകുന്നത്. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ അടിച്ചിടാതെ സർക്കാർ ജനങ്ങൾ കൂട്ടം കൂടാൻ അവസരമൊരുക്കുന്നു എന്ന് പ്രതിപക്ഷം വലിയ വിമർശനം ഉയർത്തുമ്പോഴാണ് മദ്യം വാങ്ങാനെത്തിയവരുടെ ഈ പ്രവർത്തി.

കൊവിഡ് ബാധയ്‌ക്കെതിരായി മദ്യ വ്യാപാരശാലകളിൽ മുൻകരുതൽ എടുക്കണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇതുവരേയും ബാറുകളും ബിയർ വൈൻ പാർലറുകളും കള്ളുഷാപ്പുകളും അടച്ചിടുന്നതിനെ കുറിച്ച് സർക്കാർ സൂചിപ്പിച്ചിട്ടു പോലുമില്ല. എന്നാൽ കൊറോണ പടരാതിരിക്കാൻ ഹാന്റ് സാനിറ്റൈസറും ഹാന്റ് വാഷും വെള്ളവും സോപ്പും ഒരുക്കണമെന്നും ജീവനക്കാർ മാസ്‌കും കൈയ്യുറകളും ധരിക്കണമന്നെു ംഎക്‌സൈസ് കമ്മീഷണർ കർശന നിർദേശം നൽകിയിട്ടുണ്ട്.

ഒരു മീറ്ററെങ്കിലും വിട്ടുനിന്ന് മദ്യശാലകളിൽ നിന്നും മദ്യം വാങ്ങുന്നത് അനുവദനീയമണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു ചിത്രം പ്രചരിക്കുന്നത്. കണ്ണൂർ തലശ്ശേരിയിലെ ബീവറേജ് കോർപ്പറേഷന് മദ്യശാലയിൽ മദ്യം വാങ്ങുവാൻ ഒരു മീറ്റര് അകലത്തിൽ നിൽക്കുന്ന മദ്യം വാങ്ങാനെത്തുന്നവരുടെ ചിത്രമാണ് ഇത്. എന്തൊരു അച്ചടക്കം എന്തൊരു മാതൃക എന്നൊക്കെ പറഞ്ഞാണ് സോഷ്യൽമീഡിയ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. സംഭവം ആകെ വൈറലായതോടെ റെയിൽവേ സ്‌റ്റേഷനിൽ കൃത്യമായി അകലം പാലിക്കാനുള്ള വരകൾ വരച്ചിട്ടിട്ടും അതൊന്നും പാലിക്കാതെ തിക്കി തിരക്കി നിന്ന് ടിക്കറ്റ് എടുക്കുന്നവരുടെ ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

Exit mobile version