തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘം; മൂന്നംഗ പ്രൊഫഷണല്‍ സംഘത്തിന് പിന്നാലെ പോലീസ്

കൊരട്ടിയിലും കൊച്ചിയിലെ ഇരുമ്പനത്തുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍

കൊച്ചി: തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ ഇരുമ്പനത്തുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്. ഇരുമ്പനത്തു നിന്നും പണം കവര്‍ന്ന സംഘം പുലര്‍ച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍ എത്തി അവിടെ കവര്‍ച്ച നടത്തി വടക്കോട്ട് രക്ഷപ്പെട്ടുവെന്നുമാണ് നിഗമനം.

പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എടിഎം മെഷീനുകള്‍ ഏത് രീതിയില്‍ തകര്‍ത്താല്‍ പണം ലഭിക്കുമെന്ന് സംഘത്തിന് വ്യക്തമായി അറിയാമായിരുന്നു. ദീര്‍ഘകാലത്തെ ആസൂത്രണത്തിന് ശേഷമാകും സംഘം കവര്‍ച്ച നടത്തിയിരിക്കുന്നത്. കാവല്‍ക്കാരനില്ലാത്ത എടിഎമ്മുകളാണ് കവര്‍ച്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന പ്രത്യേകതയുമുണ്ട്.

എറണാകുളത്തെ ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് പണം പോയത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍ നിന്നും പണം കവര്‍ച്ച ചെയ്തത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. രാത്രി 11.30-നാണ് ഏറ്റവും ഒടുവില്‍ ഇവിടെ നിന്നും പണം പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ അര്‍ധരാത്രി 12ന് ശേഷമാണ് ഇവിടെ കവര്‍ച്ച നടന്നതെന്ന് പോലീസ് കരുതുന്നു.

ഇരുമ്പനത്ത് നിന്നും 25 ലക്ഷം കവര്‍ന്ന സംഘം കാറില്‍ ദേശീയപാത വഴി കൊരട്ടിയില്‍ എത്തിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് 10 ലക്ഷം കവര്‍ന്നത്. ഇവിടെ പുലര്‍ച്ചെ മൂന്നിന് ശേഷമാണ് കവര്‍ച്ചയുണ്ടായത്. രണ്ടു കവര്‍ച്ചകള്‍ക്കും നിരവധി സമാന സ്വാഭാവങ്ങളുണ്ടെന്നും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

എടിഎമ്മുകളിലെ സിസിടിവി കാമറയില്‍ പെയിന്റ് പോലെയൊരു ദ്രാവകം ഒഴിച്ച ശേഷമാണ് സംഘം മോഷണം നടത്തിയത്. രണ്ടു എടിഎം മെഷീനുകളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. ഇരുമ്പനത്തെ സിസിടിവി കാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കിലും കൊരട്ടിയില്‍ നിന്നും സംഘത്തിലെ ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.50-നുള്ള ദൃശ്യമാണിത്. പ്രദേശത്തെ മറ്റ് സിസിടിവികളില്‍ പരിശോധന തുടരുകയാണ്.

കാറിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒരാള്‍ കാറിലിരിക്കുകയും രണ്ടുപേര്‍ എടിഎം തകര്‍ത്ത് പണം അപഹരിക്കുകയുമാണ് ചെയ്തത്. സംഭവത്തില്‍ വ്യാപക അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് നിരവധി എടിഎം കവര്‍ച്ചാശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റരാത്രി കൊണ്ട് 35 ലക്ഷം പോയ സംഭവം ആദ്യമാണെന്നാണ് പോലീസ് ഭാഷ്യം. പൊതുവേ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ രാത്രിയില്‍ പോലും ആളുകളുടെ ശ്രദ്ധയെത്താറുണ്ട്. എന്നാല്‍ എപ്പോഴും നല്ല തിരക്കുള്ള ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഇരുമ്പനത്തെ എടിഎമ്മില്‍ നിന്നും പണം പോയതാണ് പോലീസിനെ കുഴയ്ക്കുന്നത്.

Exit mobile version