കൊവിഡ് 19; മാഹിയില്‍ നിരീക്ഷണത്തിലുള്ളത് 144 പേര്‍, കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് പുതുച്ചേരി മുഖ്യമന്ത്രി

മാഹി: മാഹിയില്‍ ഒരു സ്ത്രീക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരുന്നതിനായി കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ആരോഗ്യമന്ത്രിക്കൊപ്പം മാഹിയിലെത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തുകയും മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ്മയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു കോടി രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പുറമെ പ്രാദേശിക ഭരണകൂടം 15 സംഘങ്ങളായി തിരിഞ്ഞ് മാഹിയില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാഹിയില്‍ 144 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ കേന്ദ്രഭരണ പ്രദേശം കൂടിയാണ് മാഹി. യുഎഇയില്‍ നിന്നെത്തിയ സ്ത്രീക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version