കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ഥികളെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷ, യുജിസി, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെഇഇ മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പിന്നാലെയാണ് ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്.

Exit mobile version