കൊറോണ ചികിത്സിച്ച് മാറ്റാമെന്ന് മോഹനന്‍ വൈദ്യര്‍; വ്യാജ വൈദ്യനെ പൊക്കിയെടുത്ത് കേരള പോലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍; വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ അറസ്റ്റില്‍. തൃശൂരില്‍ രായിരത്ത് ഹെറിറ്റേജില്‍ ചികിത്സ നടത്തുന്നതിനിടെയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്നും വ്യാജ ചികിത്സയാണ് നടത്തുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊവിഡ് 19 ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ രായിരത്ത് ഹെറിറ്റേജില്‍ നടത്തിയ റെയ്ഡിനിടെയാണ് മോഹനന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച് ഭേദമാക്കാമെന്നും, പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ സെന്ററില്‍ താന്‍ നാളെയുണ്ടാകുമെന്നും മോഹനന്‍ നായര്‍ ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

തുടര്‍ന്ന് ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു സംഘവും എസിപിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഇന്ന് നടത്തിയ റെയ്ഡിലാണ് മോഹനന്‍ നായരെ അറസ്റ്റു ചെയ്തത്. ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുള്‍പ്പെടെ നിരവധി പരാതികള്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. നരഹത്യ ഉള്‍പ്പടെ ചുമത്തി മോഹനന്‍ വൈദ്യരെ നേരത്തേ കേരളാ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version