പണത്തിന്റെ ഹുങ്കില്‍ കൊറോണ നിര്‍ദേശങ്ങള്‍ മറികടന്ന് എടപ്പാളില്‍ ആഡംബര കല്ല്യാണം; 300 കിലോ കോഴി ബിരിയാണിയടക്കം പിടിച്ചെടുത്തു

എടപ്പാള്‍: എടപ്പാളിനു സമീപം പടിഞ്ഞാറങ്ങാടിയില്‍ പണത്തിന്റെ ഹുങ്കില്‍ കല്യാണം നടത്തിയയാള്‍ പോലീസിനും ആരോഗ്യവകുപ്പിനും മുന്നില്‍ നാണംകെട്ട് തോറ്റു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പടിഞ്ഞാറങ്ങാടിയിലെ ഒരു മണ്ഡപത്തില്‍ ഈ വ്യക്തിയുടെ വീട്ടിലെ കല്യാണം.

മണ്ഡപങ്ങളില്‍ കല്യാണം അനുവദിക്കരുതെന്ന നിര്‍ദേശമൊന്നും വകവെയ്ക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. മണ്ഡപത്തിന്റെ നടത്തിപ്പുകാരോടും തട്ടിക്കയറി. എന്തുവന്നാലും കല്യാണം കെങ്കേമമായി തന്നെ നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. കല്ല്യാണത്തില്‍ വിദേശത്ത് നിന്നു വന്നവര്‍ അടക്കം പങ്കെടുത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ആരോഗ്യ വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചത്.

ഓഡിറ്റോറിയങ്ങള്‍, കല്ല്യാണ മണ്ഡപങ്ങള്‍ , കണ്‍വെണ്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് കല്ല്യാണം നടത്താനായിരുന്നു തീരുമാനം.

ഒടുവില്‍ 300 കിലോയുടെ ചിക്കന്‍ ബിരിയാണിയും വെച്ചു. ചെമ്പ് പൊട്ടിക്കും മുമ്പ് പോലീസിന്റെ സഹായത്തോടെ സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ബിരിയാണിയടക്കം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കല്ല്യാണ നടത്തിപ്പുകാരോട് ഭക്ഷണം വീടുകളിലേക്ക് കൊണ്ട് പോകാന്‍ നിര്‍ദേശം നല്‍കി.

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുമ്പോഴാണ് ചിലര്‍ പണത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പും പോലീസും കൃത്യ സമയത്ത് ഇടപെട്ടതിനാല്‍ വലിയൊരു രോഗവ്യാപന സാധ്യത ഇല്ലാതാക്കാനായി.

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുക്കുന്നത്.

Exit mobile version