മൊഴികളിലെ വൈരുധ്യം; ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും

മൊഴികളിലെ വൈരുധ്യം പരിഗണിച്ചാണ് നടപടി. സംഭവ നടന്ന സമയം ആരാണ് കാര്‍ ഓടിച്ചതെന്നത് സംബന്ധിച്ച മൊഴികളില്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും കൊല്ലത്തു നിന്ന് ബാലഭാസ്‌കറായിരുന്നു ഓടിച്ചിരുന്നതെന്ന് ഡ്രൈവറും മൊഴി നല്‍കിയിരുന്നു

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴികളിലെ വൈരുധ്യം പരിഗണിച്ചാണ് നടപടി. സംഭവ നടന്ന സമയം ആരാണ് കാര്‍ ഓടിച്ചതെന്നത് സംബന്ധിച്ച മൊഴികളില്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും കൊല്ലത്തു നിന്ന് ബാലഭാസ്‌കറായിരുന്നു ഓടിച്ചിരുന്നതെന്ന് ഡ്രൈവറും മൊഴി നല്‍കിയിരുന്നു, അതേസമയം, വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നു എന്നാണ് സാക്ഷികളുടെ മൊഴി. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയത്.

അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നില്‍ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികളാണ് നിര്‍ണായകമായത്. ചില മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പിതാവ് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുമെന്നാണ് സൂചന.

അതേസമയം ബാലഭാസ്‌ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകട സ്ഥലം സന്ദര്‍ശിച്ചു. വാഹനവും ഫൊറന്‍സിക് സംഘവും പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കും. രക്ഷാപ്രവര്‍ത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

Exit mobile version