കൊവിഡ് 19; സംസ്ഥാനത്ത് മൂന്ന് പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു; 12,470 പേര്‍ നിരീക്ഷണത്തില്‍; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 24 ആയി ആയി ഉയര്‍ന്നു. രോഗ ബാധിതരുടെ എണ്ണം കൂടിയതോടെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്ത് 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2,297 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചുവെന്നും 1693 എണ്ണം നെഗറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വിമാനയാത്രികര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. വൈറസ് വ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആഭ്യന്തര വിമാനയാത്രികര്‍ക്കും വിദേശത്തേക്ക് പോകുന്നവര്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപാര മേഖല ഏതാണ്ട് നിര്‍ജീവമായ അവസ്ഥയിലാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കച്ചവടക്കാര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ഗതാഗത മേഖലയും തകര്‍ന്നപോലെയാണ്. കെഎസ്ആര്‍ടിസി മാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിടുന്നത്. വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണങ്ങള്‍ മൂലം വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചുവെന്നും സാമൂഹിക ജീവിതം സ്തംഭിച്ച അവസ്ഥയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version